കടുത്തുരുത്തിയിൽ സൈബർ ആക്രമണത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിലെ പ്രതി cyber crime അരുൺ വിദ്യാധരനെ കാഞ്ഞങ്ങാട് ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം സ്വദേശിയായ രാജേഷ് എന്ന പേരിലാണ് അരുൺ ലോഡ്ജിൽ മുറിയെടുത്തിരുന്നത്. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സമൂഹമാധ്യമങ്ങളിൽ അധിക്ഷേപം നേരിട്ടതിനെത്തുടർന്നു കോട്ടയം കോതനല്ലൂർ വരകുകാലായിൽ ആതിര മുരളീധരൻ (26) ജീവനൊടുക്കിയ സംഭവത്തിൽ അരുണിനെ പൊലീസ് തിരയുകയായിരുന്നു. സൗഹൃദം അവസാനിപ്പിച്ചതിന്റെ പേരിൽ യുവതിക്കെതിരെ മോശം പരാമർശങ്ങൾ അരുൺ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. അരുണിന് വേണ്ടി തമിഴ്‌നാട് കേന്ദ്രീകരിച്ചും തെരച്ചിൽ നടത്തിയിരുന്നു. അരുണിനെതിരെ ഇന്നലെ വൈകിട്ട് പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ആതിരയുടെ മുൻ സുഹൃത്താണ് അരുൺ. ഇയാളുമായുള്ള സൗഹൃദം രണ്ടുവർഷം മുൻപു പെൺകുട്ടി ഉപേക്ഷിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ദിവസം ആതിരയുടെ വിവാഹം ഉറപ്പിക്കാൻ വീട്ടുകാർ തീരുമാനിച്ചു. ഇതറിഞ്ഞ അരുൺ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും ചാറ്റുകളും ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തു. ഇതോടെ വിവാഹനിശ്ചയത്തിൽ നിന്നു വരന്റെ വീട്ടുകാർ പിന്മാറി. തുടർന്ന് അരുണിനെതിരെ ആതിര പൊലീസിൽ പരാതിയും നൽകിയിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5