കാത്തിരിപ്പും പ്രാർത്ഥനകളും വിഫലം. ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും നേടി നടന്ന തെരച്ചിലിന് സങ്കടകരമായ titanic അവസാനം. വർഷങ്ങൾക്ക് മുൻപേ കടലിന്റെ ആഴങ്ങളിൽ ആണ്ടുപോയ കൂറ്റൻ കപ്പൽ ടൈറ്റാനിക് തേടിപ്പോയ സമുദ്രപേടകം ടൈറ്റനും അറ്റ്‍ലാന്റിക് സമുദ്രത്തിന്റെ അഗാധതകളിൽ മറഞ്ഞു. അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായ ടൈറ്റൻ മുങ്ങിക്കപ്പൽ അകത്തേക്ക് പൊട്ടിത്തെറിച്ച് അഞ്ച് യാത്രക്കാരും മരിച്ചുവെന്ന് യുഎസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് സമീപമാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ടൈറ്റാനിക്കിൽ നിന്ന് 1,600 അടി അകലെയായിരുന്നു ടൈറ്റന്റെ അവശിഷ്ടങ്ങൾ. 6.7 മീറ്റർ നീളവും മണിക്കൂറിൽ 3.5 കിമി വേഗതയുമുള്ള ടൈറ്റൻ സ്വാതന്ത്രമായാണ് സമുദ്രത്തിൽ സഞ്ചരിച്ചിരുന്നത്. മുങ്ങിക്കപ്പലിന്റെ കാർബൺ ഫൈബറിലോ ടൈറ്റാനിയം ഹള്ളിലോ ചെറിയ പൊട്ടൽ വന്നാൽ പോലും അകത്തേക്ക് പൊട്ടിത്തെറിക്കൽ സംഭവിക്കാം. വിദഗ്ദ്ധർ യന്ത്രഭാഗങ്ങളുടെ വിവരങ്ങൾ വിലയിരുത്തുകയാണെന്ന് യുഎസ് കോസ്റ്റ്ഗാർഡ് അറിയിച്ചു. തിരച്ചിൽ നടത്തുന്ന കനേഡിയൻ റിമോർട്ട് നിയന്ത്രിത പേടകം (ROV) ആണ് യന്ത്രഭാഗങ്ങൾ കണ്ടെത്തിയത്. കടലിന്നടിയിലെ മർദ്ദം താങ്ങാനാകാതെ പേടകം പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. പാകിസ്ഥാനി വ്യവസായി ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ ദാവൂദ്, ദുബായിലെ ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാർഡിങ്, പൈലറ്റ് പോൾ ഹെൻറി നാർസലെ എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാർ. ഇവരുടെ മൃതദേഹം എവിടെ എന്ന് വ്യക്തമല്ല. അത് കണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയില്ലെന്ന് യുഎസ് തീര സംരക്ഷണ സേന വ്യക്തമാക്കി.അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായുള്ള എട്ടു ദിവസത്തെ പര്യവേഷണത്തിനാണ് സഞ്ചാരികൾ പോയത്. 2,50,000 ഡോളറുകളാണ് ( ഏകദേശം രണ്ടു കോടി ഇന്ത്യൻ രൂപ) ഓരോ സഞ്ചാരിയും ഈ അതിസാഹസിക യാത്രയ്ക്കായി നൽകിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw