കുവൈത്ത് സിറ്റി: വ്യാജ ലിങ്കുകള്‍ക്കെതിരെ ജാഗ്രത നിർദേശം നല്കി സിവിൽ ഇൻഫർമേഷൻ അതോറിറ്റി. സിവിൽ ഇൻഫർമേഷൻ അതോറിറ്റി (പാസി)യുടെ വെബ്സൈറ്റെന്ന വ്യാജേന ഫോണുകളില്‍ ലഭിക്കുന്ന സന്ദേശങ്ങളോടും ലിങ്കുകളോടും പ്രതികരിക്കരുതെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് സൈബര്‍ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. ഒൗദ്യോഗിക സ്വഭാവത്തിലെന്ന രീതിയില്‍ വരുന്ന ഇത്തരം വ്യാജ ലിങ്കുകൾ തുറക്കുന്നതോടെ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത ഏറെയാണ്. സിവില്‍ ഐഡിയുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾക്കും സേവനങ്ങൾക്കും അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് മാത്രം ഉപയോഗിക്കാന്‍ പാസി അധികൃതര്‍ പൊതു ജനങ്ങളോട് അഭ്യർഥിച്ചു.
ആളുകളെ കബളിപ്പിക്കാൻ വിവിധ മന്ത്രാലയങ്ങളുടെ വെബ്സൈറ്റിന് സമാന രൂപത്തിൽ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ കുറിച്ച് ആഭ്യന്തരമന്ത്രാലയം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്നെന്ന രൂപത്തിൽ പൊതുജനങ്ങൾക്ക് വിവിധ നിയമലംഘനങ്ങൾക്ക് പിഴ അടക്കാൻ ആവശ്യപ്പെട്ടും ഭീഷണിപ്പെടുത്തിയും വ്യാജ ലിങ്കുകൾ അയക്കുന്ന തട്ടിപ്പ് അടുത്തിടെ വർധിച്ചിട്ടുണ്ട്. ലിങ്കു വഴി പണം അടക്കുമ്പോൾ തട്ടിപ്പുകാർക്കാകും ലഭിക്കുക. പൊലീസ് വേഷത്തിൽ വാട്സ്ആപ് വിഡിയോ കാൾ വിളിച്ചും അടുത്തിടെ നിരവധി പേരുടെ പണം തട്ടിയെടുത്തിരുന്നു. വ്യാജ ലിങ്കുകൾ വെച്ച് സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമായതിനെ തുടർന്ന് പേമെന്റ് ലിങ്കുകള്‍ ബാങ്കുകൾ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. പണം നഷ്ടപ്പെട്ടാൽ ഉടൻ ബാങ്കുമായി ബന്ധപ്പെട്ട് പ്രതിരോധ നടപടികൾ സ്വീകരിക്കണം.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX