ഇന്ധനം തീരാറായപ്പോൾ, ലാൻറിംഗിന് അനുമതി ലഭിച്ചില്ല; യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ രണ്ടും കൽപ്പിച്ച് പൈലറ്റ്, നിർണായക നിമിഷങ്ങൾ

യുകെയിൽ നിന്ന് ഗ്രീക്ക് ദ്വീപായ കോർഫുവിലേക്കുള്ള പതിവ് യാത്രയ്ക്കിടെ ജെറ്റ് 2 വിമാനം വഴിതിരിച്ച് വിട്ടത് 400 കിലോമീറ്റർ ദൂരെയുള്ള മറ്റൊരു വിമാനത്താവളത്തിലേക്ക്. അതും ഇന്ധം തീരാറായെന്ന അറിയിപ്പ് വന്നതിന് ശേഷമായിരുന്നു ഈ വഴിതിരിച്ച് വിടൽ. ചങ്കിടിപ്പോടെ യാത്രക്കാർ വിമാനത്തിനുള്ളിൽ കഴിച്ച് കൂട്ടിയത് ഒരു മണിക്കൂറോളം നേരം. കോർഫു വിമാനത്താവളത്തിൽ ഇറങ്ങാൻ സ്ഥലമില്ലെന്ന് അറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് ഈ നാടകീയ നീക്കങ്ങൾ അരങ്ങേറിയതെന്ന് മാഞ്ചസ്റ്റർ ഈവനിംഗ് റിപ്പോർട്ട് ചെയ്തു.ഇന്ധനത്തിൻറെ അളവ് അപകടകരമാം വിധം താഴ്ന്നതിനാൽ അപകടസാധ്യത ഒഴിവാക്കാനും വിമാനത്തിലുള്ള എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുമാണ് പൈലറ്റിന് പെട്ടെന്ന് തീരുമാനമെടുക്കേണ്ടി വന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കോർഫു വിമാനത്താവളത്തിലായിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ ഇവിടെ ലാൻറിംഗിന് സ്ഥലമില്ലെന്ന അറിയിപ്പ് വന്നത് വിമാനം വിമാനത്താവളത്തിന് അടുത്ത് എത്തിയപ്പോൾ മാത്രമായിരുന്നു. പിന്നാലെ, അത്രയും നേരം ആകാശത്ത് വട്ടമിടാനുള്ള ഇന്ധനം വിമാനത്തിലില്ലാത്തതിനാൽ പൈലറ്റിന് 482 കിലോമീറ്റർ അകലെയുള്ള ഏഥൻസിലേക്ക് വിമാനം വഴിതിരിച്ച് വിടേണ്ടിവന്നു. എന്നാൽ, ഈ സമയം ഏഥൻസിലെ താപനില 32 ഡിഗ്രി സെൽഷ്യസായിരുന്നു. വിമാനത്തിന് ഏഥൻസിൽ ലാൻറിംഗിന് അനുമതി ലഭിച്ചെങ്കിലും വിമാനയാത്രക്കാർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് കഠിനമായ ചൂടിൽ രണ്ട് മണിക്കൂറോളം യാത്രക്കാർക്ക് വിമാനത്തിനുള്ളിൽ കഴിയേണ്ടിവന്നെന്നും വിമാന യാത്രക്കാരനായ മൈക്കൽ വെബ്‌സ്റ്റർ പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒടുവിൽ എട്ട് മണിക്കൂറുകൾക്ക് ശേഷമാണ് ലക്ഷ്യസ്ഥാനമായ കോർഫു വിമാനത്താവളത്തിൽ ജെറ്റ് 2 വിന് എത്തിച്ചേരാൻ കഴിഞ്ഞത്. ഇത്രയും നേരം വിമാനത്തിനുള്ളിൽ കഴിയേണ്ടിവന്നതിനാൽ കുഞ്ഞുങ്ങളും മുതിർന്നവരും അസ്വസ്ഥരായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടുത്ത ചൂടിനിടെ വിമാനങ്ങൾ വൈകുന്നതും വഴി തിരിച്ച് വിടുന്നതും പതിവായിരിക്കുകയാണ്. ഇത്തരം സന്ദർഭങ്ങളിൽ പലപ്പോഴും വിമാനയാത്രക്കാർക്ക് ഭക്ഷണമോ വെള്ളമോ ലഭിക്കാറില്ലെന്നും പരാതികൾ ഉയരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy