യുഎഇയിൽ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് വൻ തുക തിരിമറി നടത്തി കടന്നുകളഞ്ഞ കണ്ണൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫിസ് ഇൻ ചാർജായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ മുഹമ്മദ് നിയാസാണ് അറസ്റ്റിലായത്. സ്ഥാപനത്തിൽ നിന്ന് ഒന്നര കോടി രൂപയോളം അപഹരിച്ചെന്നാണ് പരാതി. ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്യാഷ് ഓഫീസിൽ നിന്ന് ആറ് ലക്ഷം ദിർഹം കുറവ് കണ്ടെത്തിയത്. പൊലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തതോടെ പ്രതിയെ റെക്കോർഡ് സമയത്തിനുള്ളിൽ അറസ്റ്റ് ചെയ്യാൻ സാധിച്ചു. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ക്യാഷ് ഓഫിസിൽ ജോലി ചെയ്യുന്നത് കൊണ്ട് നിയാസിൻറെ പാസ്പോർട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതിനാൽ നിയാസിന് രാജ്യം വിടാനാകില്ല. കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിനിയും രണ്ട് കുട്ടികളും അബുദാബിയിൽ ഒപ്പം താമസിച്ചിരുന്നു. നിയാസിന്റെ തിരോധാനത്തിനു പിന്നാലെ കുടുംബവും നാട്ടിലേക്ക് മുങ്ങിയിരുന്നു. എംബസി മുഖേന നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിരുന്നു. പരാതിയിന്മേൽ ഉടനടി നടപടിയുണ്ടായതിൽ അബുദാബി പൊലീസിന്റെ ജനറൽ കമാൻഡിന് ലുലു അധികൃതർ നന്ദി അറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്തതിൽ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim