ഇസ്രായേലിൽ മിസൈല്‍ ആക്രമണം ആരംഭിച്ച് ഇറാൻ. അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ആക്രമണം. ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റുല്ലയെയും ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയെയും കൊലപ്പെടുത്തിയതിനുള്ള മറുപടിയായാണ് ഇസ്രയേലിനെതിരായ മിസൈൽ ആക്രമണമെന്ന് ഇറാൻ സൈന്യം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹസൻ നസ്‌റുല്ല ബൈറൂത്തിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ വർഷം ജൂലൈ 31ന് ഇറാനിലെ തെഹ്റാനിലായിരുന്നു ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടത്. ഇസ്രായേലിലെ ടെല്‍ അവീവിൽ ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. ഇസ്രായേലിലെ പരക്കെ അതിശക്തമായ ആക്രമണമാണ് നടക്കുന്നതെന്ന് ഇസ്രായേലിലുള്ള മലയാളികള്‍ പ്രതികരിച്ചു. ജോര്‍ദാനിലും മിസൈല്‍ ആക്രമണം ഉണ്ടായതായി മലയാളികള്‍ പറഞ്ഞു. ആക്രമണത്തിന് പിന്നാലെ ഇസ്രായേലിലുള്ളവര്‍ വീടുകളിലും മറ്റുമായുള്ള സുരക്ഷാ ബങ്കറുകളിലേക്ക് മാറിയിട്ടുണ്ട്.
മലയാളികള്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ ആക്രമണം തുടരുകയാണെന്നുമാണ് വിവരം. മിസൈല്‍ ആക്രമണത്തിൽ നിരവധി പേര്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. മിസൈൽ പതിച്ച് വലിയ രീതിയിലുള്ള ആള്‍നാശമുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും വലിയ രീതിയിലുള്ള ആശങ്കയാണ് ഉയരുന്നത്. ഇസ്രായേലിനെതിരെ ആക്രമണം തുടങ്ങിയതായി ഇറാനും സ്ഥിരീകരിച്ചു.ആദ്യഘട്ടത്തിൽ നൂറിലധികം മിസൈലുകളാണ് ഇറാൻ ഇസ്രായേലിനുനേരെ തൊടുത്തുവിട്ടത്. ജോര്‍ദാൻ നഗരങ്ങള്‍ക്ക് മുകളിലൂടെ ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാന്‍റെ മിസൈലുകള്‍ നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതിനിടെ, ടെല്‍ അവീവിലെ ജാഫ്നയിൽ അക്രമി ജനക്കൂട്ടത്തിനേരെ വെടിയുതിര്‍ത്തു. സംഭവത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ഭീകരാക്രമണം ആണെന്ന് കരുതുന്നതായി ഇസ്രായേൽ അധികൃതര്‍ അറിയിച്ചു. ജറുസലേമിൽ ഇസ്രായേൽ സുരക്ഷാ മന്ത്രിസഭായോഗം ചേരുകയാണ്. ആക്രമണത്തിന് പിന്നാലെ ഇസ്രായേലിൽ വിമാനത്താവളങ്ങൾ അടച്ചു. ഇസ്രായേൽ തിരിച്ചടിച്ചാൽ കൂടുതൽ ശക്തമായ ആക്രമണമുണ്ടാകുമെന്ന് ഇറാൻ വ്യക്തമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyh