നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. ഇന്ന് പുലർച്ചെ വീട്ടിൽ വച്ച് മോഷണശ്രമത്തിനിടെ കള്ളൻ നടനെ കുത്തുകയായിരുന്നു. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം എന്നാണ് റിപ്പോർട്ട്. നടനെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടൻറെ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ കവർച്ച നടത്താൻ എത്തിയ ആളാണ് കുത്തിയതെന്നാണ് റിപ്പോർട്ട്. വീട്ടിൽ ശബ്ദം കേട്ട് നടനും കുടുംബവും എണീറ്റപ്പോഴാണ് അക്രമികൾ താരത്തെ കുത്തി പരിക്കേൽപ്പിച്ചത്.
ആക്രമണത്തിൽ താരത്തിന് ആറ് മുറിവുകളാണ് ശരീരത്തിലേറ്റത്ത്. ഇതിൽ രണ്ടെണ്ണം ഗൗരവമുള്ളതാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിലുണ്ടായത് കവർച്ചാ ശ്രമമാണോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ അന്വേഷണം വേണമെന്നാണ് പോലീസ് പറയുന്നത്. അടിയന്തിരമായി നടനെ ഓപ്പറേഷന് വിധേയമാക്കിയതായാണ് റിപ്പോർട്ട്. ഒരു മുറിവ് നട്ടെല്ലിന് അടുത്തായത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും ഓപ്പറേഷന് ശേഷമേ കാര്യങ്ങൾ പറയാനാകൂ എന്നും ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്.ആക്രമണം തടയുന്നതിനിടെയായിരുന്നു സെയ്ഫ് അലി ഖാന് കുത്തേറ്റത്. ആക്രമണം നടക്കുമ്പോള്‍ കരീന കപൂറും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. വീട്ടിലുണ്ടായിരുന്നവർ ഉണർന്നതിനെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് വ്യക്തമാക്കി. ബാന്ദ്ര പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിലാണ്. സംഭവത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമാന്തര അന്വേഷണത്തിന് മുംബൈ ക്രൈംബ്രാഞ്ചും ഉത്തരവിട്ടിട്ടുണ്ട്.സെയ്ഫ് അലി ഖാനെ കുത്തിയപ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്. നിലവിൽ പ്രതിയെ പിടികൂടാനായി പത്തംഗ ടീമിനെ നിയോഗിച്ചിരിക്കുകയാണ്. വീട്ടിലെ ഫയർ എസ്കേപ്പ് ഗോവണിയിലൂടെയാണ് പ്രതി സെയ്ഫിന്റെ മുറിയിൽ കയറിപ്പറ്റിയതെന്നും ഡി.സി.പി. ദീക്ഷിത് ഗെദാം പറഞ്ഞു.കൂടുതൽ വിവരങ്ങൾക്കായി സെയ്ഫ് അലി ഖാന്റെ സ്റ്റാഫിലെ അഞ്ച് അംഗങ്ങളെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് വ്യക്തമാക്കി. സെയ്ഫിന്റെ ഹൗസിങ് സൊസൈറ്റിയിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഈ തൊഴിലാളികളെയും ചോദ്യം ചെയ്യാനാണ് മുംബൈ പോലീസിന്റെ തീരുമാനം. ഹൗസിങ് സൊസൈറ്റിയിലേക്ക് അനധികൃതമായി ആരും കയറുന്നതായി കണ്ടിട്ടില്ലെന്നാണ് സെക്യൂരിറ്റി ഗാർഡ് പോലീസിനെ അറിയിച്ചത്. വീട്ടിലെ സഹായിയാണോ അക്രമിക്ക് വീടിനുള്ളിൽ കയറിപ്പറ്റാനുള്ള സഹായം നൽകിയതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7