വ്യാജ പൗരത്വം പിടിക്കപ്പെട്ടതിന് പിന്നാലെ സിറിയൻ സഹോദരന്മാർ കുവൈത്തിൽനിന്ന് രക്ഷപ്പെട്ടു. മരിച്ച കുവൈത്ത് പൗരന്റെ ഫയലിൽ തിരിമറി നടത്തിയാണ് രണ്ട് സിറിയൻ സഹോദരന്മാർ ഉൾപ്പെടെ കുവൈത്ത് പൗരത്വം സ്വന്തമാക്കിയത്. ഇവരുടെ ഭാര്യമാരും മക്കളും പേരക്കുട്ടികളും ഉൾപ്പെടെ 80 പേരുടെ വ്യാജ പൗരത്വം സംബന്ധിച്ച വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. 55 കേസുകൾ ഒരാളുമായി ബന്ധപ്പെട്ടും 25 കേസുകൾ സഹോദരനുമായി ബന്ധപ്പെട്ടുമാണ്.ഡി.എൻ.എ പരിശോധന ഉൾപ്പെടെ നടത്തി പൗരത്വത്തിൽ വ്യക്തത വരുത്താൻ അധികൃതർ ഒരുങ്ങുന്നതിനിടെയാണ് ഇവർ രാജ്യം വിട്ടത്. ഇവരെ രാജ്യം വിടാൻ സഹായിച്ചവരെയും വ്യാജ പൗരത്വം നേടാൻ സഹായിച്ചവരെയും കണ്ടെത്താൻ അധികൃതർ അന്വേഷണം ഊർജിതമാക്കി.
അനധികൃതമായി കുവൈത്ത് പൗരത്വം നേടിയ എല്ലാവരെയും പിടികൂടാൻ ലക്ഷ്യമിട്ട് പഴയ ഫയലുകൾ ഉൾപ്പെടെ പരിശോധിക്കുന്ന ഊർജിത ദൗത്യത്തിലാണ് അധികൃതർ. ഇതിനായി രൂപവത്കരിച്ച സുപ്രീം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസങ്ങളിലെ പരിശോധനയിൽ പതിനായിരക്കണക്കിന് പേരുടെ പൗരത്വമാണ് കുവൈത്ത് റദ്ദാക്കിയത്. കുവൈത്തികൾക്കുള്ള വിവിധ സർക്കാർ ആനുകൂല്യങ്ങൾ സ്വന്തമാക്കാനാണ് അനധികൃതമായി പൗരത്വം നേടുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7