ഞെട്ടല്‍: രാവിലെ തുടങ്ങിയ കൊലപാതകം, പുറംലോകം അറിയുന്നത് വൈകീട്ട് പോലീസ് വന്നപ്പോള്‍; കൊലപാതകത്തിനു മുൻപ് അനുജന് കുഴിമന്തി വാങ്ങി നൽകി

‘സാറെ, ഞാന്‍ ആറുപേരെ കൊന്നു’, ഇതുകേട്ടതും പോലീസും ഞെട്ടി. ഇന്നലെ (ഫെബ്രുവരി 24) രാവിലെ മുതല്‍ വൈകുന്നേരം വരെ തിരുവനന്തപുരം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അതിക്രൂരകൊലപാതകങ്ങള്‍ നടത്തിയ പ്രതി അഫാന്‍റെ വാക്കുകളാണിത്. ഇത്രയും മണിക്കൂറുകള്‍ പിന്നിട്ടിട്ടും അഫാന്‍ പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതമൊഴി നല്‍കിയതിന് പിന്നാലെയാണ് കൂട്ടകൊലപാതകം പുറംലോകം അറിയുന്നത്. പിന്നീട് കേരളത്തിന് ഒന്നടങ്കം ഞെട്ടലിന്‍റെ മണിക്കൂറുകളായിരുന്നു. പേരുമലയിലെ വീട്ടില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള കല്ലറ പാങ്ങോട്ട് എത്തിയാണ്, ഒറ്റയ്ക്കു താമസിക്കുന്ന മുത്തശി സല്‍മാബീവിയെ അഫാന്‍ ആദ്യം കൊലപ്പെടുത്തിയത്. ഇവരെ കുളിമുറിയില്‍ മരിച്ച നിലയില്‍ അയല്‍വാസികള്‍ കണ്ടെത്തിയിരുന്നു. സ്വാഭാവിക മരണമാണെന്നാണ് നാട്ടുകാര്‍ കരുതിയത്. എന്നാല്‍, അഫാന്‍റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ഇതു കൊലപാതകമാണ് എന്നറിഞ്ഞത്. പിന്നീട് അഫാന്‍ കൊന്നത് പുല്ലമ്പാറ എസ്എന്‍ പുരത്തുള്ള പിതൃസഹോദരന്‍ ലത്തീഫ് (69), ഭാര്യ ഷാഹിദ (59) എന്നിവരെയാണ്. റിട്ട. സിആര്‍പിഎഫ് ഉദ്യോഗസ്ഥനായ ലത്തീഫിന്റെ മൃതദേഹം കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. തലയ്ക്കു പിന്നില്‍ ചുറ്റിക കൊണ്ട് അടിച്ചുകൊന്നെന്നാണ് സൂചന. ഗുരുതരമായി തലയ്ക്ക് പരുക്കേറ്റിരുന്നു. ഈ കൊലപാതകവും നാട്ടുകാര്‍ അറിഞ്ഞില്ല. പേരുമലയിലെ വീട്ടിൽ നിന്ന് 9 കിലോമീറ്റർ അകലെയുള്ള പുല്ലമ്പാറ എസ്എൻ പുരത്താണ് പിതൃസഹോദരന്‍റെ വീട്. ഈ കൊടുംക്രൂരതകള്‍ക്കുശേഷം അഫാന്‍ പേരുമല ആർച്ച് ജങ്ഷനിലെ സ്വന്തം വീട്ടിലെത്തി അനുജനെ പുറത്തുകൊണ്ടുപോയി ആഹാരം വാങ്ങിക്കൊടുത്തെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിനുശേഷമാണ് സഹോദരനെയും തന്റെ പെണ്‍സുഹൃത്തിനെയും അമ്മയെയും ആക്രമിച്ചത്. ഏറ്റവും ഒടുവിലാണ് പെണ്‍സുഹൃത്ത് ഫര്‍സാനയെ കൊന്നതെന്നാണ് സൂചന. തൊട്ടടുത്ത് ബന്ധുക്കള്‍ ഉള്‍പ്പെടെ താമസിക്കുന്നുണ്ടെങ്കിലും എല്ലാവരും വിവരം അറിയുന്നത് പോലീസുകാര്‍ വൈകീട്ട് ആറുമണിക്കുശേഷം വീട്ടിലെത്തിയതിന് ശേഷമാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Related Posts

Leave a Reply

Your email address will not be published. Required fields are marked *