ഈ പെരുന്നാളിനെങ്കിലും പൊന്നുമോന്റെ ഒരു ഫോൺവിളി പ്രതീക്ഷിച്ച് കണ്ണൂർ ആലക്കോട് വെള്ളാട് കാവുംക്കുടി കോട്ടയിൽ സുരേഷ് കുമാറും കുടുംബവും കാത്തിരിക്കുകയായിരുന്നു. കപ്പലപകടത്തെത്തുടർന്ന് കാണാതായ മകൻ അമൽ കെ. സുരേഷിനെക്കുറിച്ച് വിവരങ്ങൾ ഒന്നുമില്ലാതായിട്ട് ഏഴ് മാസം പിന്നിട്ടു. പിടയുന്ന മനസ്സോടെ, ഉള്ളിലെ നീറ്റലോടെ, നൊമ്പരത്തോടെ ഈ കുടുംബം മുട്ടാത്ത വാതിലുകളില്ല. തങ്ങളുടെ പൊന്നുമോൻ സൗദിയിലോ കുവൈത്തിലോ മറ്റേതെങ്കിലും രാജ്യത്ത് ജീവനോടെ ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് സുരേഷും കുടുംബവും.കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് കുവൈത്ത്-സൗദി സമുദ്രാതിർത്തിയിൽ ഇറാൻ ചരക്കുകപ്പലായ അറബ് അക്തർ അപകടത്തിൽപ്പെട്ടത്. കപ്പലിൽ ആറ് ജീവനക്കാരാണുണ്ടായിരുന്നത് – മൂന്ന് ഇന്ത്യക്കാരും മൂന്ന് ഇറാൻ സ്വദേശികളും. അവരിൽ ഒരാളായിരുന്നു അമൽ.
അപകടത്തെത്തുടർന്ന് കുവൈത്ത് നാവിക-തീരദേശ സേന നടത്തിയ തിരച്ചിലിൽ നാല് മൃതദേഹങ്ങൾ കണ്ടെത്തുകയും അവ കുവൈത്തിൽ എത്തിക്കുകയും ചെയ്തു. ഇതിൽ, ഇന്ത്യക്കാരായ രണ്ടുപേരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധന വഴി തിരിച്ചറിഞ്ഞു. തൃശൂർ മണലൂർ സ്വദേശി വിളക്കോത്ത് ഹരിദാസിന്റെ മകൻ ഹനീഷും, പശ്ചിമ ബംഗാൾ സ്വദേശിയുടേതുമായിരുന്നു തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ. എന്നാൽ ഡിഎൻഎ പരിശോധന ഫലം നെഗറ്റീവ് ആയെന്ന മറുപടി മാത്രമാണ് അമലിന്റെ കുടുംബത്തിന് ലഭിച്ചത്. അപകടത്തിൽ കാണാതായ ഡെക്ക് ഓപ്പറേറ്റർ അമൽ കെ. സുരേഷിനെക്കുറിച്ചോ, അറബ് അക്തറിന്റെ ക്യാപ്റ്റനായിരുന്ന ഇറാൻ സ്വദേശി ഹമീദ് ഗിന്നത്തിനെക്കുറിച്ചോ ഇതുവരെ ഒരു വിവരവും ലഭ്യമല്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx