ആണവ കേന്ദ്രങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും പിന്നാലെ ടെഹ്റാനിലെ പൊലീസ് ആസ്ഥാനവും ആക്രമിച്ച് ഇസ്രയേൽ. ഒറ്റരാത്രികൊണ്ട് ടെഹ്റാനിലെ 80ലധികം കേന്ദ്രങ്ങളാണ് ഇസ്രയേൽ ആക്രമിച്ചത്. ഇറാൻ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനം, ആണവ പദ്ധതിയുടെ ആസ്ഥാനം (എസ്പിഎൻഡി) എന്നിവയും ആക്രമിച്ചെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.ഇതിനുപിന്നാലെ ഇറാന്റെ പ്രത്യാക്രമണവും ഉണ്ടായി. ടെൽ അവീവ് ലക്ഷ്യമാക്കി ബാലിസ്റ്റ് മിസൈലുകൾ വിക്ഷേപിച്ചതായി ഇറാൻ സൈന്യം വ്യക്തമാക്കി. ഇതോടെ ജറുസലേമിലും ടെൽ അവീവിലും മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ഇസ്രയേലിന്റെ യുദ്ധവിമാന ഇന്ധന ഉൽപാദന സൗകര്യങ്ങൾ ലക്ഷ്യമിട്ടതായി ഇറാൻ റെവല്യൂഷണറി ഗാർഡ്സ് അറിയിച്ചു. ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 128 പേരാണ് ഇറാനിൽ മരിച്ചത്. മരിച്ചവരിൽ 40 പേർ സ്ത്രീകളാണ്. 900ഓളം പേർ പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ഇസ്രയേലി പൗരൻമാരുടെ മരണത്തിന് ഇറാൻ വലിയ വില നൽകേണ്ടിവരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പറഞ്ഞു. മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ബാറ്റ് യാം നഗരം സന്ദർശിച്ച നെതന്യാഹു ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ‘‘സ്ത്രീകളെയും കുട്ടികളെയും അടക്കം കൊലപ്പെടുത്തിയ ഇറാൻ കനത്ത വില നൽകേണ്ടിവരും. ഇസ്രയേലിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായ ഇറാനെ ഇല്ലാതാക്കുന്നതിനാണ് ഓപ്പറേഷൻ റൈസിങ് ലയൺ ആരംഭിച്ചത്. ഇറാന്റെ ഭീഷണി ഇല്ലാതാക്കാൻ എത്ര ദിവസം വേണമെങ്കിലും ഈ ഓപ്പറേഷൻ തുടരും’’ – നെതന്യാഹു പറഞ്ഞു. ഇറാൻ ആക്രമണത്തിൽ 13 പേരാണ് ഇസ്രയേലിൽ കൊല്ലപ്പെട്ടത്. പിന്നാലെ ഇറാൻ തലസ്ഥാനത്തു പുതിയ സ്ഫോടനങ്ങൾ കേട്ടതായി എഎഫ്പി റിപ്പോർട്ട് ചെയ്തു.
അതിനിടെ ഇസ്രയേലും ഇറാനും തമ്മിൽ ഉടൻ കരാറിലെത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ‘‘ഇസ്രായേലിനും ഇറാനും ഇടയിൽ ഉടൻ തന്നെ സമാധാനം ഉണ്ടാകും. ഇപ്പോൾ നിരവധി ഫോൺ സംഭാഷണങ്ങളും ചർച്ചകളും ഇതിനായി നടക്കുന്നുണ്ട്. ഞാൻ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. പക്ഷേ ഒന്നും ശരിയാകുന്നില്ല. പശ്ചിമേഷ്യയെ വീണ്ടും മഹത്തരമാക്കണം.’’ – ട്രംപ് പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx