കോഴിക്കോടുനിന്ന് ഒന്നര വർഷം മുമ്പ് കാണാതായ ആളുടെ മൃതദേഹഭാഗങ്ങൾ തമിഴ്നാട് അതിർത്തിയിലെ വനത്തിൽ കണ്ടെത്തി. വയനാട് ചെട്ടിമൂല സ്വദേശി ഹേമചന്ദ്രനാണ്(53) മരിച്ചത്. തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള ചേരമ്പാടി വനത്തിലാണ് ഹേമചന്ദ്രന്റേതെന്നു കരുതുന്ന മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്.കേരള, തമിഴ്നാട് പൊലീസിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ബത്തേരി സ്വദേശികളായ ജ്യോതിഷ്, അജേഷ് എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. മൃതദേഹം മറവു ചെയ്യാൻ സഹായിച്ച രണ്ടുപേരാണു പിടിയിലായതെന്നാണ് സൂചന. വിദേശത്തേക്കു കടന്ന നൗഷാദ് എന്നയാൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കും. നൗഷാദാണു തട്ടിക്കൊണ്ടുപോകലിനു നേതൃത്വം നൽകിയതെന്നാണു വിവരം.
സാമ്പത്തികതർക്കത്തെ തുടർന്നാണ് കൊലപാതകം എന്നാണ് സൂചന. ബത്തേരി വിനോദ് ഭവനിൽ ഹേമചന്ദ്രൻ കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം മായനാട് മുണ്ടിക്കത്താഴത്തെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. 2024 മാർച്ച് 20ന് പെൺസുഹൃത്തിനെക്കൊണ്ടു വിളിപ്പിച്ച് മെഡിക്കൽ കോളജിനു സമീപമെത്തിച്ച ഹേമചന്ദ്രനെ രണ്ടുപേർ കാറിൽ കൂട്ടിക്കൊണ്ടുപോയി. പിന്നാലെ ഇയാളെ കാണാതാവുകയായിരുന്നു.
ഇതുസംബന്ധിച്ച് ഹേമചന്ദ്രന്റെ ഭാര്യ 2024 ഏപ്രിൽ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഹേമചന്ദ്രന്റെ കോൾ റെക്കോർഡും സംഭവവുമായി ബന്ധപ്പെട്ടവർ എന്നു കരുതുന്നവരുടെ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണു വനത്തിൽ മൃതദേഹഭാഗം കണ്ടെത്തിയത്.
മൃതദേഹം സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തും. സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായൺ, ഡിസിപി അരുൺ കെ.പവിത്രൻ, കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണർ ഉമേഷ്, മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ജിജിഷ് തുടങ്ങിയ ഉദ്യോഗസ്ഥരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx