ഗ്രീസ് തീരത്ത് നിന്ന് ഏകദേശം 60 മൈൽ അകലെയുള്ള മെഡിറ്ററേനിയൻ കടലിൽ മുങ്ങിത്താഴ്ന്ന് കൊണ്ടിരുന്ന ബോട്ടിൽ നിന്ന് 45 അഭയാർത്ഥികളെ കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിയുടെ (KOTC) ടാങ്കർ കപ്പൽ ‘ബഹ്‌റ’ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെയായിരുന്നു അപകട വിവരം കുവൈത്ത് സമയമനുസരിച്ച് ലഭിച്ചത്. ഉടൻ തന്നെ പ്രതികരിച്ച്, അത്യാഹിതാവസ്ഥയിലായ ബോട്ടിലേക്ക് ‘ബഹ്‌റ’ എന്ന എണ്ണക്കപ്പലിനെ മേൽനോട്ടത്തിനും സഹായത്തിനും അയക്കുകയായിരുന്നുവെന്ന് ആക്ടിംഗ് സിഇഒ ഷെയ്ഖ് ഖാലിദ് അഹമ്മദ് അൽ സബാഹ് അറിയിച്ചു. രക്ഷാപ്രവർത്തനത്തിനിടെ കപ്പലിൽ ഉണ്ടായിരുന്ന മുഴുവൻ അഭയാർത്ഥികളേയും സുരക്ഷിതമായി ബഹ്‌റ ടാങ്കറിൽ എത്തിക്കുകയും വെള്ളം, ഭക്ഷണം, താൽക്കാലിക താമസസൗകര്യം എന്നിവ ഉറപ്പാക്കുകയും ചെയ്തു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമായതായും അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക് ഏകദേശം 1 മണിയോടെ, ടാങ്കർ കപ്പൽ ഗ്രീസിലെ ക്രീറ്റ് ദ്വീപിലെത്തിച്ച് അഭയാർത്ഥികളെ അവിടത്തെ അധികൃതർക്ക് കൈമാറുകയും ചെയ്തു. ഈ ദുരന്തം ഒഴിവാക്കാൻ കുവൈത്ത് കപ്പലിന്റെയും അതിലെ ജീവനക്കാരുടെയും സമയോചിതമായ ഇടപെടൽ നിർണായകമായിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t