
ഈക്കാര്യങ്ങൾ അറിയാതെ പോകരുതേ! ആദായ നികുതി വകുപ്പിന് നിങ്ങളുടെ വാട്ട്സ്ആപ്പും ഇമെയിലും പരിശോധിക്കാം; പുതിയ നികുതി ബില്ലിലെ വ്യവസ്ഥകള്‍ക്ക് അംഗീകാരം
ഇനി ആദായ നികുതി വകുപ്പ് നിങ്ങളുടെ വീടുകളിലും, ഓഫീസുകളിലും പരിശോധന നടത്തുമ്പോൾ നിങ്ങളുടെ വാട്ട്സ്ആപ്പും ഇമെയിലും പരിശോധിക്കാൻ അവകാശം. ഡിജിറ്റൽ വിവരങ്ങൾ പരിശോദിക്കാനാണ് ഈ തീരുമാനത്തിന് ലോക്‌സഭാ സെലക്ട് കമ്മിറ്റി അംഗീകാരം നൽകിയത്. 2025-ലെ പുതിയ ആദായ നികുതി ബില്ലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചപ്പോഴാണ് സമിതി ഇക്കാര്യം വ്യക്തമാക്കിയത്. ഈ വര്‍ഷത്തെ ബജറ്റ് സമ്മേളനത്തില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലാണിത്. ആദായ നികുതി നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ബില്‍ സെലക്ട് കമ്മിറ്റിക്ക് വിട്ടിരുന്നു. 31 പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെട്ട സമിതി, നികുതിദായകരുടെയും വിദഗ്ദ്ധരുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് ബില്ലില്‍ മാറ്റങ്ങള്‍ വരുത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകള്‍ നികുതിദായകരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ഇമെയിലുകള്‍, മറ്റ് ഡിജിറ്റല്‍ വിവരങ്ങള്‍ എന്നിവ പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്ന വ്യവസ്ഥകള്‍ നേരത്തെതന്നെ വിവാദമായിരുന്നു. ഈ വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ വരുത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, സെലക്ട് കമ്മിറ്റി ഈ വ്യവസ്ഥകള്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചതോടെ സ്വകാര്യതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ 21-ആം തീയതി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച 4,575 പേജുള്ള റിപ്പോര്‍ട്ടില്‍, വിവാദ വ്യവസ്ഥകളില്‍ സമിതിക്ക് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വിര്‍ച്വല്‍ ഡിജിറ്റല്‍ സ്‌പേസ്
ഏതെങ്കിലും ഡിജിറ്റല്‍ രേഖകളുടെയോ വിവരങ്ങളുടെയോ നിയന്ത്രണം ഒരാള്‍ക്കാണെങ്കില്‍, ആ കമ്പ്യൂട്ടര്‍ സിസ്റ്റം, ഉപകരണം അല്ലെങ്കില്‍ ക്ലൗഡ് സ്റ്റോറേജിലുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് എല്ലാ സാങ്കേതിക സഹായങ്ങളും നല്‍കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. ഇതില്‍ പാസ്വേഡുകള്‍, ആക്‌സസ് കോഡുകള്‍, ലോഗിന്‍ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടും. പാസ്വേഡോ ആക്‌സസ് കോഡോ ലഭ്യമല്ലെങ്കില്‍, ഉദ്യോഗസ്ഥന് അത് ബലം പ്രയോഗിച്ച് തുറന്ന് ആ ഡിജിറ്റല്‍ വിവരങ്ങള്‍ ആക്‌സസ് ചെയ്യാം. ഇതിനെയാണ് ‘വിര്‍ച്വല്‍ ഡിജിറ്റല്‍ സ്‌പേസ്’ എന്ന് പറയുന്നത്.
ഇതില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളായ വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ഇമെയില്‍ അക്കൗണ്ടുകള്‍, ഓണ്‍ലൈന്‍ നിക്ഷേപ പ്ലാറ്റ്ഫോമുകള്‍, ബാങ്കിംഗ് ആപ്പുകള്‍, ക്ലൗഡ് സ്റ്റോറേജ്, മറ്റ് ഡിജിറ്റല്‍ അപ്ലിക്കേഷനുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടും. അതായത്, ഒരു അന്വേഷണമോ റെയ്‌ഡോ നടക്കുകയാണെങ്കില്‍, ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് ആ വ്യക്തിയുടെ അനുവാദമില്ലാതെതന്നെ സ്വകാര്യ വിവരങ്ങളും ആശയവിനിമയങ്ങളും പരിശോധിക്കാന്‍ കഴിയും. വിദഗ്ദ്ധരുടെ ആശങ്കകള്‍ അവഗണിച്ച് സര്‍ക്കാര്‍ ബില്‍ അവലോകനം ചെയ്തപ്പോള്‍ പല വിദഗ്ദ്ധരും ഈ വ്യവസ്ഥകളെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തിയിരുന്നുവെന്ന് സമിതിയുടെ റിപ്പോര്‍ട്ട് സമ്മതിക്കുന്നുണ്ട്. ഇത് പൗരന്മാരുടെ സ്വകാര്യതയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരാകാമെന്നും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടുപോലും, സമിതി ഇതില്‍ മാറ്റങ്ങളൊന്നും വരുത്താതെ നിലനിര്‍ത്താന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)