
എണ്ണ ഉൽപ്പാദനം: ആഗോള വിപണി സ്ഥിരതയ്ക്ക് കുവൈത്തിൻറെ പിന്തുണ
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര എണ്ണ വിപണിയിൽ സ്ഥിരത കൈവരിക്കാനുള്ള ശ്രമങ്ങളെ കുവൈത്ത് പിന്തുണയ്ക്കുന്നതായി എണ്ണ മന്ത്രി താരിഖ് അൽ റൂമി അറിയിച്ചു. ഒപെക് പ്ലസ് കൂട്ടായ്മയുടെ തീരുമാനങ്ങൾ വിപണിയിലെ സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ടാണ് എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എണ്ണ വിപണിയുടെ അടിസ്ഥാനപരമായ കാര്യങ്ങളിൽ തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നും, ഒപെക്കിന്റെ ശ്രമങ്ങൾ ഊർജ്ജ സുരക്ഷയും വിപണി സന്തുലിതാവസ്ഥയും ലക്ഷ്യമിട്ടുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആഗോള സാമ്പത്തിക വളർച്ചയെ സഹായിക്കുന്നതിനും എണ്ണ വിപണിയിലെ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും ഇത് സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒപെക് സംയുക്ത മന്ത്രിതല നിരീക്ഷണ സമിതിയുടെ 61-ാമത് മന്ത്രിതല യോഗത്തിന് ശേഷം എണ്ണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ വിവരങ്ങൾ അറിയിച്ചത്. ഓൺലൈനായി നടന്ന ഈ യോഗത്തിൽ ഒപെക്കിലെ കുവൈത്ത് ഗവർണർ മുഹമ്മദ് ഖുദൂർ അൽ ഷാത്തി, കുവൈത്ത് ദേശീയ പ്രതിനിധി ശൈഖ് അബ്ദുല്ല സബാഹ് സാലിം അൽ ഹുമൂദ് അസ്സബാഹ് എന്നിവരടങ്ങിയ ഔദ്യോഗിക പ്രതിനിധി സംഘം പങ്കെടുത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)