
വിദേശിയായ സഹപ്രവർത്തകയോട് പ്രണയാഭ്യർഥനയും ശല്യം ചെയ്യലും; മലയാളി യുവാവിന് തടവുശിക്ഷ
യുകെയിൽ സഹപ്രവർത്തകയോട് പ്രണയാഭ്യർത്ഥന നടത്തി, നിരസിച്ചപ്പോൾ ശല്യപ്പെടുത്തിയ മലയാളി യുവാവിന് തടവുശിക്ഷ. എറണാകുളം വടക്കൻ പറവൂർ സ്വദേശിയായ ആശിഷ് ജോസ് പോൾ (26) എന്ന യുവാവിനാണ് സൗത്ത്വാർക്ക് ക്രൗൺ കോടതി ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചത്. വിദ്യാർത്ഥി വിസയിൽ യുകെയിൽ എത്തിയ ആശിഷിന് നാടുകടത്തൽ ഭീഷണിയുമുണ്ട്.
ലണ്ടനിലെ മൃഗശാലയിലെ ഒരു കോഫി ഷോപ്പിൽ ജോലി ചെയ്യവേയാണ് കേസിന് ആസ്പദമായ സംഭവം. ആശിഷിന്റെ സഹപ്രവർത്തകയായ ലുറ്റാറിറ്റ മാസിയുലോണൈറ്റെ എന്ന വിദേശ യുവതിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. യുവതിയെ നിരന്തരം ശല്യം ചെയ്തതിനെ തുടർന്നാണ് പരാതി നൽകിയത്.
2024 ജൂലൈ 7 നും ഡിസംബർ 30 നും ഇടയിൽ ആറ് മാസത്തോളം ആശിഷ് തന്നെ ഫോണിലൂടെ ശല്യപ്പെടുത്തിയെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. നമ്പർ ബ്ലോക്ക് ചെയ്തിട്ടും ശല്യം തുടർന്നതിനെ തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്ന് അറസ്റ്റിലായ ആശിഷ്, ജാമ്യത്തിൽ ഇറങ്ങിയ ശേഷവും ശല്യം തുടർന്നു.
ആറ് മാസത്തെ തടവുശിക്ഷയ്ക്ക് പുറമെ 20 ദിവസത്തെ പുനരധിവാസ ജോലികൾ ചെയ്യാനും കോടതി നിർദേശിച്ചു. ഇരയെ പിന്തുടരുന്നത് ക്രിമിനൽ കുറ്റമായതിനാൽ, ആശിഷിനെ നാടുകടത്താൻ സാധ്യതയുണ്ടെന്ന് ജഡ്ജി സൂചിപ്പിച്ചു. യുവതിയുടെ അടുത്തേക്ക് ഇനി പോകരുതെന്നും, പിന്തുടർന്നാൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. സെപ്റ്റംബറിലാണ് ആശിഷിന്റെ വിസ കാലാവധി അവസാനിക്കുന്നത്.
കേരളത്തിൽ ബി.കോം പഠനം പൂർത്തിയാക്കിയ ശേഷം ആംഗ്ലിയ റസ്‌കിൻ സർവകലാശാലയിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്ന ആശിഷ്, പാർട്ട് ടൈം ജോലിക്കായാണ് ലണ്ടനിലെ മൃഗശാലയിൽ ജോലി ചെയ്തിരുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)