
കുവൈത്തിൽ പുതിയ ടൂറിസ്റ്റ് വിസകൾ; നിയമങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം ഒറ്റക്ലിക്കിൽ
കുവൈത്തിലേക്ക് വരുന്ന യാത്രക്കാർക്കായി നാല് തരം പുതിയ ടൂറിസ്റ്റ് വിസകൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന്റെ ടൂറിസം മേഖല ശക്തിപ്പെടുത്താനും പ്രവേശന നടപടിക്രമങ്ങൾ ലളിതമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ പദ്ധതി. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നിർദേശപ്രകാരമാണ് ഈ നീക്കം.
റെസിഡൻസി മേഖലയിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇലക്ട്രോണിക് സർവീസസ് നടത്തിയ പഠനത്തിന് ശേഷമാണ് പുതിയ വിസ ചട്ടക്കൂട് രൂപീകരിച്ചതെന്ന് ബ്രിഗേഡിയർ ജനറൽ അൽ-കന്ദരി അറിയിച്ചു. ഔദ്യോഗിക ഗസറ്റായ “കുവൈത്ത് അൽയൂം” പ്രസിദ്ധീകരിച്ച ഭേദഗതികൾ ഉൾപ്പെടുത്തിയാണ് പുതിയ നിയമങ്ങൾ നടപ്പാക്കുന്നത്.
പുതിയ ടൂറിസ്റ്റ് വിസകൾ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:
ഒന്നാം വിഭാഗം: ആഗോള സമാധാന സൂചിക, പാസ്‌പോർട്ട് ശക്തി, കുറഞ്ഞ കുറ്റകൃത്യ നിരക്ക്, ഉയർന്ന പ്രതിശീർഷ വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലെ പൗരന്മാർക്ക് ഈ വിസ ലഭിക്കും. ഇവർക്ക് അധിക രേഖകൾ ആവശ്യമില്ല. ഒന്ന് മുതൽ മൂന്ന് മാസം, ആറ് മാസം, അല്ലെങ്കിൽ ഒരു വർഷം വരെ കാലാവധിയുള്ള സിംഗിൾ അല്ലെങ്കിൽ മൾട്ടിപ്പിൾ എൻട്രി വിസകൾക്ക് അപേക്ഷിക്കാം.
രണ്ടാം വിഭാഗം: ജിസിസി രാജ്യങ്ങൾ, യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ താമസക്കാർക്കും, ഈ രാജ്യങ്ങളിൽ നിന്നുള്ള സാധുവായ ടൂറിസ്റ്റ് വിസ കൈവശമുള്ളവർക്കും ഈ വിസ ലഭിക്കും. ഉയർന്നതോ ഇടത്തരം നിലയിലുള്ളതോ ആയ തൊഴിൽ ഈ വിസയ്ക്ക് അപേക്ഷിക്കാൻ ആവശ്യമാണ്.
മൂന്നാം വിഭാഗം: സാമ്പത്തിക ഭദ്രത തെളിയിക്കാൻ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പോലുള്ള രേഖകൾ സമർപ്പിക്കുന്ന അപേക്ഷകർക്കായി ഈ വിഭാഗം തുറക്കും. ഇതിന്റെ വിശദാംശങ്ങൾ നിലവിൽ അവലോകനത്തിലാണ്.
നാലാം വിഭാഗം: ടൂർണമെന്റുകൾ, ലോകകപ്പ് പോലുള്ള വലിയ അന്താരാഷ്ട്ര പരിപാടികൾ, പ്രദർശനങ്ങൾ എന്നിവയിൽ പങ്കെടുക്കാൻ വരുന്നവർക്കായി ഈ വിസ നൽകും. ഇവന്റ് അനുസരിച്ചായിരിക്കും വിസയുടെ കാലാവധി നിശ്ചയിക്കുക.
കൂടാതെ, റെസിഡൻസി അഫയേഴ്സ് വകുപ്പ് സന്ദർശിക്കാതെ തന്നെ ഓൺലൈനായി വിസയ്ക്ക് അപേക്ഷിക്കാൻ കഴിയുന്ന ‘കുവൈത്ത് വിസ പ്ലാറ്റ്‌ഫോം’ എന്ന പുതിയ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ടൂറിസ്റ്റ്, ഫാമിലി, ഗവൺമെന്റ്, ബിസിനസ് വിസകൾ ഈ പ്ലാറ്റ്‌ഫോം വഴി ലഭിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)