കഴിഞ്ഞ ശനിയാഴ്ച മുതൽ അഞ്ച് ദിവസത്തിനിടെ, മെഥനോൾ കലർന്ന മദ്യം കഴിച്ചതിനെ തുടർന്ന് 63 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സുരക്ഷാ ഏജൻസികളുമായും മറ്റ് അധികാരികളുമായും സഹകരിച്ചാണ് മന്ത്രാലയം ഈ കേസുകൾ കൈകാര്യം ചെയ്യുന്നത്.
രോഗലക്ഷണങ്ങൾ കൂടിയും കുറഞ്ഞുമിരിക്കുന്ന കേസുകളാണിവ. ചിലരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വന്നതായും മന്ത്രാലയം വ്യക്തമാക്കി. 31 പേർക്ക് കൃത്രിമ ശ്വാസം നൽകേണ്ടിവന്നു. 51 പേർക്ക് അടിയന്തര ഡയാലിസിസ് ആവശ്യമായി വന്നു. 21 പേർക്ക് സ്ഥിരമായ അന്ധതയോ കാഴ്ചക്കുറവോ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിഷബാധയെ തുടർന്ന് 13 പേർ മരണപ്പെട്ടു, ഇവരെല്ലാം ഏഷ്യൻ വംശജരാണ്.
ഇവരെല്ലാം ജലീബ് അൽ-ഷുയൂഖ് പ്രദേശത്തെ ഏഷ്യക്കാരിൽ നിന്ന് പ്രാദേശികമായി നിർമ്മിച്ച മദ്യം വാങ്ങിയതായി സുരക്ഷാ ഏജൻസികൾ അറിയിച്ചു. വിതരണം ലക്ഷ്യമിട്ട സ്ഥലങ്ങൾ റെയ്ഡ് ചെയ്യുകയും 10 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, വിഷബാധ സംശയിക്കുന്ന കേസുകൾ ഉടൻ ആശുപത്രികളിലോ അംഗീകൃത ഹോട്ട്‌ലൈനുകളിലോ റിപ്പോർട്ട് ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. എല്ലാ കേസുകളും 24 മണിക്കൂറും നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t