
നാട്ടുകാരനെ വിശ്വസിച്ച് വീട്ടുജോലിക്കായി ഗൾഫിലെത്തി, മയക്കുമരുന്ന് കേസിൽ കുടുങ്ങി, മലയാളി സ്ത്രീ ജയിലിൽ കഴിയേണ്ടി വന്നത് ഒരു മാസം!
വീട്ടുജോലി വാഗ്ദാനം ചെയ്ത് ഖത്തറിലെത്തിച്ച് മയക്കുമരുന്ന് കേസിൽ കുടുങ്ങിയ കൊല്ലം സ്വദേശിനിയെ നാട്ടിലെത്തിച്ചു. ഖത്തർ കെഎംസിസി, ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിബിഎഫ്) എന്നീ സംഘടനകളുടെ സമയോചിതമായ ഇടപെടലാണ് യുവതിക്ക് തുണയായത്.
വീട്ടുജോലിക്കായി ആദ്യമായി ഖത്തറിലെത്തിയതായിരുന്നു കൊല്ലം സ്വദേശിനി. ഒപ്പം യാത്ര ചെയ്ത സ്വന്തം നാട്ടുകാരൻ മയക്കുമരുന്ന് കടത്ത് കേസിൽ ഖത്തർ എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായതോടെയാണ് യുവതിയുടെ ജീവിതം ദുരിതത്തിലായത്. സഹയാത്രികനെ പിടികൂടിയ വിവരം അറിയാതെ, ഏറെ വൈകിയും പുറത്തുവരാത്തതിനാൽ ഇവർ കസ്റ്റംസ് ഉദ്യോഗസ്ഥരോട് കാര്യം തിരക്കി. ഇതോടെ, ഇവർ കൂട്ടുപ്രതിയാണെന്ന് സംശയിച്ച് കസ്റ്റംസ് യുവതിയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഒരു മാസത്തോളം ജയിലിൽ കഴിഞ്ഞ യുവതിയെ, സഹയാത്രികന്റെ ലഗേജിലുണ്ടായിരുന്ന മരുന്നുകളുമായി ഇവർക്ക് ബന്ധമില്ലെന്ന് കോടതിക്ക് ബോധ്യമായതിനെ തുടർന്ന് പിന്നീട് വിട്ടയച്ചു. ജയിൽ മോചിതയായ ശേഷം എങ്ങോട്ട് പോകണമെന്നറിയാതെ ദോഹ ജദീദിലെ മെട്രോ സ്റ്റേഷനിൽ സഹായം അഭ്യർത്ഥിക്കുകയായിരുന്നു യുവതി.
ഇത് ശ്രദ്ധയിൽപ്പെട്ട കോഴിക്കോട് കെഎംസിസി പ്രവർത്തകൻ ഷെരീഫ് നിട്ടൂർ യുവതിയുടെ ദുരിതം മനസ്സിലാക്കുകയും ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയും ചെയ്തു. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ കെഎംസിസി പ്രവർത്തകർ ഐസിബിഎഫുമായി ബന്ധപ്പെട്ടു. തുടർന്ന്, ഇന്ത്യൻ എംബസിയുടെ ഷെൽട്ടറിൽ യുവതിക്ക് താൽക്കാലിക താമസസൗകര്യമൊരുക്കി. നാട്ടിലേക്ക് മടങ്ങുന്നതിനുള്ള യാത്രാരേഖകൾ എംബസിയുടെ സഹായത്തോടെ വേഗത്തിൽ ലഭ്യമാക്കി. കഴിഞ്ഞ ബുധനാഴ്ച യുവതിയെ സുരക്ഷിതമായി നാട്ടിലേക്ക് അയച്ചു.
ഐസിബിഎഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ നീലാംബരി സുശാന്ത്, മിനി സിബി, കെഎംസിസി പ്രവർത്തകരായ സുഹൈൽ മെഹബൂബ്, ഷെരീഫ് നിട്ടൂർ എന്നിവരുടെ ഇടപെടലുകളാണ് ഈ വിഷയത്തിൽ നിർണായകമായത്.
ചില സ്വാർത്ഥമതികളായ വ്യക്തികൾ, പ്രത്യേകിച്ച് ചില മലയാളികൾ, ചെറിയ സാമ്പത്തിക ലാഭത്തിനായി നിയമവിരുദ്ധമായ സാധനങ്ങളും മരുന്നുകളും ഗൾഫ് രാജ്യങ്ങളിലേക്ക് കടത്തുന്നത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് ഖത്തർ കെഎംസിസി അറിയിച്ചു. ഇത്തരം പ്രവർത്തനങ്ങൾ ഖത്തറിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും ഇന്ത്യൻ സമൂഹത്തിന്റെ വിശ്വാസ്യത തകർക്കുന്നതും രാജ്യത്തിന്റെ നിയമങ്ങളോടുള്ള ബഹുമാനമില്ലായ്മ കാണിക്കുന്നതുമാണ്. നിരപരാധികളായവർ പോലും ഇതിന്റെ ദുരിതം അനുഭവിക്കേണ്ടിവരുന്ന സാഹചര്യത്തിൽ, നിയമത്തെക്കുറിച്ചുള്ള അവബോധം വളർത്താനും ജാഗ്രത പാലിക്കാനും അനീതിക്കെതിരെ ശബ്ദമുയർത്താനും ഓരോ വ്യക്തിയും തയ്യാറാകണമെന്ന് കെഎംസിസി വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)