
വ്യാജ മദ്യദുരന്തത്തിലും പഠിക്കാതെ നിയമലംഘനങ്ങൾ; 340 പാത്രങ്ങളിൽ രാസവസ്തുക്കൾ; കുവൈത്തിൽ പ്രവാസിയുടെ മദ്യനിർമാണശാലയിൽ റെയ്ഡ്
രാജ്യത്ത് അനധികൃത മദ്യനിർമാണത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മദ്യനിർമാണത്തിലും വിതരണത്തിലും ഏർപ്പെട്ടിരുന്ന ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, അവർക്ക് രാസവസ്തുക്കൾ വിതരണം ചെയ്തിരുന്ന പ്രധാന വെയർഹൗസ് കണ്ടെത്തി.
ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് വിഭാഗമാണ് ഈ നിർണായക നീക്കം നടത്തിയത്. ഈജിപ്ഷ്യൻ പൗരനായ മുഹമ്മദ് അബ്ദോ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വെയർഹൗസ്. നിലവിൽ ഇയാൾ വിദേശത്താണ്. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ഈജിപ്ഷ്യൻ സുരക്ഷാ അധികാരികളുമായി കുവൈത്ത് സഹകരിച്ച് പ്രവർത്തിച്ചുവരികയാണ്.
വെയർഹൗസിൽ നടത്തിയ പരിശോധനയിൽ 25 ലിറ്റർ വീതം ശേഷിയുള്ള ഏകദേശം 340 പ്ലാസ്റ്റിക് പാത്രങ്ങൾ കണ്ടെടുത്തു. ഇവയിലെല്ലാം വിഷ രാസവസ്തുക്കളാണ് ഉണ്ടായിരുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അലക്ഷ്യമായി സൂക്ഷിച്ചിരുന്ന ഈ രാസവസ്തുക്കൾ തീപിടിത്തം, സ്ഫോടനം, വിഷവാതകങ്ങൾ എന്നിവയ്ക്ക് കാരണമാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇത് പരിസരവാസികളുടെ ജീവനും സ്വത്തിനും ഗുരുതരമായ ഭീഷണിയുയർത്തുന്നതാണ്.
സ്ഥലം സുരക്ഷിതമാക്കുന്നതിനായി പബ്ലിക് ഫയർഫോഴ്‌സുമായി സഹകരിച്ചാണ് അധികൃതർ നടപടികൾ സ്വീകരിച്ചത്. വാണിജ്യ വ്യവസായ മന്ത്രാലയം, കുവൈറ്റ് മുനിസിപ്പാലിറ്റി എന്നിവയുമായും ഏകോപനം നടത്തി ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.
സമൂഹത്തിന്റെ സുരക്ഷ തകർക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും, കുറ്റവാളികൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമം നടപ്പാക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അടുത്തിടെ രാജ്യത്ത് നിയമവിരുദ്ധമായി നിർമ്മിച്ച മദ്യം കഴിച്ച് 23 പേർ മരിച്ച സംഭവത്തിന് ശേഷം കുവൈത്തിൽ വ്യാപകമായ പരിശോധനകളാണ് നടന്നുവരുന്നത്. ലഹരിവസ്തുക്കളുടെ നിർമാണത്തിലും വിതരണത്തിലും ഏർപ്പെട്ടിരുന്ന നിരവധിപ്പേർ ഇതിനകം പിടിയിലായിട്ടുണ്ട്.
സമൂഹത്തിന് ഭീഷണിയാകുന്ന എല്ലാത്തരം ക്രിമിനൽ പ്രവർത്തനങ്ങളെയും ശക്തമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലഹരി വസ്തുക്കൾക്കെതിരായ പരിശോധനകൾ കൂടുതൽ കർശനമായി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)