
ഇന്ത്യ- കുവൈത്ത് ചർച്ച; വ്യാപാരം, പ്രതിരോധം, സാംസ്കാരിക ബന്ധം എന്നിവ ശക്തമാകും
ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഏഴാം റൗണ്ട് രാഷ്ട്രീയ കൂടിയാലോചനയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ വെച്ച് നടന്നത്.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി (ഗൾഫ്) അസീം ആർ. മഹാജൻ, കുവൈത്ത് ഏഷ്യൻ കാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയും കമ്മിറ്റി റിപ്പോർട്ടറുമായ അംബാസഡർ സമീഹ് ജൗഹർ ഹയാത്ത് എന്നിവർ നേതൃത്വം നൽകിയ ചർച്ചകളിൽ വിവിധ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ആരാഞ്ഞു. സാമ്പത്തികം, വ്യാപാരം, നിക്ഷേപം, സാംസ്കാരികം തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ പ്രധാനമായി വന്നു. ഇതിനു പുറമേ, ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, സിവിൽ വ്യോമയാനം, എണ്ണ, പുനരുപയോഗ ഊർജ്ജം, വ്യവസായം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആരോഗ്യ സംരക്ഷണം, മെഡിക്കൽ സേവനങ്ങൾ തുടങ്ങിയ മേഖലകളിലും സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു.
കഴിഞ്ഞ ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് സന്ദർശിച്ചപ്പോൾ ഒപ്പുവെച്ച ധാരണാപത്രങ്ങളുടെ തുടർനടപടികളിലാണ് ചർച്ചകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രധാനമന്ത്രിയുടെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തിയതായി അംബാസഡർ സമീഹ് ജൗഹർ ഹയാത്ത് അഭിപ്രായപ്പെട്ടു. ഉന്നതതല സന്ദർശനങ്ങൾ വർദ്ധിപ്പിക്കുന്നതിനും, വിവിധ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനുമായി പുതിയ പദ്ധതികൾക്ക് രൂപം നൽകാനും കൂടിക്കാഴ്ചയിൽ തീരുമാനമായി.
കൂടാതെ, ഇരു രാജ്യങ്ങളും പ്രാദേശികവും അന്താരാഷ്ട്രീയവുമായ നിരവധി വിഷയങ്ങളിൽ സമാനമായ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെയും അവിടുത്തെ തൊഴിലാളികളുടെയും പങ്കിനെക്കുറിച്ചും യോഗത്തിൽ പരാമർശിച്ചു.
ഇന്ത്യയിലെ കുവൈത്ത് അംബാസഡർ മിശ്അൽ അൽ ഷമാലി, കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)