Posted By Editor Editor Posted On

ബൈക്കിൽ ലോകം ചുറ്റാനിറങ്ങി ഇന്ത്യക്കാരൻ; യുകെയിൽ വെച്ച് വാഹനം മോഷണം പോയി

ഇന്ത്യയിൽ നിന്ന് ബൈക്കിൽ ലോകം ചുറ്റാനിറങ്ങിയ ഇന്ത്യക്കാരന്റെ ബൈക്ക് മോഷണം പോയി. മുംബൈയിൽ നിന്ന് യാത്ര ആരംഭിച്ച യോഗേഷ് അലേകാരി എന്ന സഞ്ചാരിയുടെ ബൈക്കാണ് യുകെയിൽ കാണാതായത്. ഓഗസ്റ്റ് 31നാണ് യോഗേഷിന് വാഹനം നഷ്ടമായത്. മുംബൈ ടു ലണ്ടൻ ബൈക്ക് യാത്രയിൽ ലണ്ടനിൽ എത്തിയ ശേഷം നോട്ടിങ്ങാമിലെ ഒരു സുഹൃത്തിനെ സന്ദർശിച്ച് വോളട്ടൺ പാർക്കിൽ പ്രഭാതഭക്ഷണത്തിനായി നിർത്തിയപ്പോഴാണ് സംഭവം.

മോഷണം നടന്ന സമയത്ത് യോഗേഷിന്റെ മോട്ടർ ബൈക്കിൽ പാസ്‌പോർട്ട്, പണം, മറ്റ് രേഖകൾ എന്നിവയുൾപ്പെടെ യാത്രയ്ക്ക് വേണ്ട ഒട്ടേറെ അവശ്യവസ്തുക്കളും ഉണ്ടായിരുന്നു. നാലുപേർ ചേർന്ന് ചുറ്റിക ഉപയോഗിച്ച് പൂട്ട് തകർത്ത് മോട്ടർ ബൈക്കുമായി കടന്നു കളയുകയായിരുന്നു. ഇതിനകം അദ്ദേഹം 17 രാജ്യങ്ങളിലൂടെ 24,000 കിലോമീറ്ററിലധികം സഞ്ചരിച്ചു കഴിഞ്ഞയാളാണ് യോഗേഷ്.

യാത്രയുടെ അടുത്ത ഘട്ടത്തിൽ ആഫ്രിക്കയിലേക്ക് പോകേണ്ടതായിരുന്നു. മോട്ടർബൈക്കോ രേഖകളോ ഇല്ലാത്തതിനാൽ സഹായത്തിനായി യോഗേഷ് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ സഹായം അഭ്യർഥിച്ചപ്പോഴാണ് വിവരം എല്ലാവരും അറിഞ്ഞത്. സംഭവത്തിൽ നോട്ടിങ്ങാം പൊലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും തന്റെ യാത്രയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന അലേകാരിക്ക് ഒട്ടേറെ ഫോളോവേഴ്സ് ആണ് ഉള്ളത്. മോഷ്ടിക്കപ്പെട്ട മോട്ടർ ബൈക്കിന്റെയും നഷ്ടപ്പെട്ട മറ്റ് സാധനങ്ങളുടെയും ആകെ മൂല്യം ഏകദേശം 15000 പൗണ്ട് ആണെന്നാണ് പൊലീസിൽ നൽകിയിട്ടുള്ള പരാതി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *