
വിസയും ടിക്കറ്റും മാത്രം പോരാ; വിദേശയാത്രയ്ക്ക് മുൻപ് പാസ്പോർട്ടിലെ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ യാത്ര മുടങ്ങാം
വിദേശയാത്രകൾക്ക് ഒരുങ്ങുമ്പോൾ, വിസയും ടിക്കറ്റും മാത്രം നോക്കിയാൽ പോരാ. പാസ്‌പോർട്ടിൽ ഉണ്ടാകുന്ന ചെറിയ കേടുപാടുകൾ പോലും യാത്ര മുടങ്ങാൻ കാരണമാകാം. പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞാൽ യാത്ര മുടങ്ങുമെന്ന് മിക്കവർക്കും അറിയാം. എന്നാൽ, പാസ്‌പോർട്ടിൽ വെള്ളം വീണ പാടുകളോ, കീറലുകളോ, ചുളിവുകളോ ഉണ്ടെങ്കിൽ പോലും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ യാത്ര തടഞ്ഞേക്കാം.
പാസ്‌പോർട്ടിലെ കേടുപാടുകൾ യാത്രയെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് നോക്കാം.
എന്തുകൊണ്ട് കേടുപാടുകൾ ഒരു പ്രശ്‌നമാകുന്നു?
ഇപ്പോൾ ഇറങ്ങുന്ന പാസ്‌പോർട്ടുകളിൽ സുരക്ഷ ഉറപ്പാക്കാൻ നിരവധി സംവിധാനങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ചിപ്പുകൾ, ഹോളോഗ്രാമുകൾ, മെഷീൻ റീഡബിൾ സോണുകൾ എന്നിവ. ഈ ഭാഗങ്ങൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ, ഇലക്ട്രോണിക് ഡിവൈസുകൾക്ക് അത് വായിക്കാൻ കഴിയില്ല. കൂടാതെ, പാസ്‌പോർട്ടിൽ കീറലുകൾ ഉണ്ടെങ്കിൽ രേഖകളിൽ കൃത്രിമം നടന്നതായി അധികൃതർക്ക് സംശയം തോന്നാം. ഇത് യാത്രയ്ക്ക് വിലക്ക് ഏർപ്പെടുത്താൻ കാരണമാകും.
ചില രാജ്യങ്ങൾ ചെറിയ കേടുപാടുകൾ വിട്ടുവീഴ്ച ചെയ്യാറുണ്ടെങ്കിലും, അമേരിക്ക പോലുള്ള രാജ്യങ്ങൾ ബയോമെട്രിക് സ്കാനിംഗിനെ ആശ്രയിക്കുന്നതിനാൽ ഇക്കാര്യത്തിൽ വളരെ കർശനമായ നിലപാടാണ് സ്വീകരിക്കാറുള്ളത്. ചിപ്പ് റീഡ് ചെയ്യാൻ സാധിക്കാത്തതും, പേജുകളിൽ മഷി പടരുന്നതും യാത്ര നിഷേധിക്കാൻ കാരണമാകും.
കേടുപാടുകൾ രണ്ട് തരത്തിൽ
പാസ്‌പോർട്ടിലെ കേടുപാടുകളെ പ്രധാനമായും രണ്ടായി തിരിക്കാം:
ഭാഗികമായ കേടുപാടുകൾ: പാസ്‌പോർട്ട് നമ്പർ, പേര്, ഫോട്ടോ എന്നിവ വ്യക്തമായി തിരിച്ചറിയാൻ സാധിക്കുന്ന വിധത്തിലുള്ള കേടുപാടുകളാണിത്.
ഗുരുതരമായ കേടുപാടുകൾ: പ്രധാന വിവരങ്ങൾ അവ്യക്തമാകുകയോ നഷ്ടപ്പെടുകയോ ചെയ്ത കേസുകളാണിത്. ഇത്തരം പാസ്‌പോർട്ടുകൾ ഉപയോഗശൂന്യമായി കണക്കാക്കാനും സാധ്യതയുണ്ട്.
യാത്ര പുറപ്പെടുന്നതിന് മുൻപ് പാസ്‌പോർട്ട് കൃത്യമായി പരിശോധിച്ച് കേടുപാടുകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുന്നത് വളരെ പ്രധാനമാണ്. എന്തെങ്കിലും കേടുപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കാൻ ശ്രമിക്കുക. ചെറിയ കേടുപാടുകളാണെങ്കിൽ എയർലൈനുമായി ബന്ധപ്പെട്ട് വിവരങ്ങൾ ധരിപ്പിക്കുന്നത് നന്നായിരിക്കും. വിസയുടെ സാധുത പോലെ തന്നെ പാസ്‌പോർട്ടിന്റെ അവസ്ഥയും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കൃത്യമായി പരിശോധിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)