പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കേ കുവൈറ്റിൽ സ്കൂൾ ബസ് ഡ്രൈവർമ്മാരുടെ ക്ഷാമം വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നു. രണ്ടര മാസത്തെ മധ്യ വേനൽ അവധിക്ക് ശേഷം രാജ്യത്തെ ഇന്ത്യൻ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ വിദേശ വിദ്യാലയങ്ങളും ഈ ആഴ്ചയോടെ തുറന്ന് പ്രവർത്തിക്കും. എന്നാൽ സ്‌കൂൾ ബസുകളിൽ ഡ്രൈവർമ്മാരെ ലഭിക്കാത്തത് കാരണം പല വിദ്യാലയങ്ങളും പ്രതിസന്ധി നേരിടുകയാണെന്നാണു റിപ്പോർട്ട്.
കൊറോണ പ്രതിസന്ധി കാലത്ത് ജോലി ഇല്ലാതായതോടെ അനേകം ഡ്രൈവർമ്മാർ നാട്ടിലേക്ക് പോകുകയോ അല്ലെങ്കിൽ മറ്റു തൊഴിലിടങ്ങളിലേക്ക് മാറുകയോ ചെയ്തിരുന്നു.ഇതിനിടയിൽ ട്രാസ്പോർട്ടേഷൻ നടത്തുന്ന ബസുകൾ കേന്ദ്രീകരിച്ച് ആഭ്യന്തരമന്ത്രാലയം ആരംഭിച്ച ശക്തമായ സുരക്ഷാ പരിശോധന കാരണം പല ഡ്രൈവർമ്മാരും ഈ രംഗത്ത് നിന്ന് പിന്മാറിയതും പ്രതിസന്ധി രൂക്ഷമാകാൻ കാരണമായി. പൂർണ്ണ ശേഷിയിലുള്ള പ്രവർത്തനം പുനരാരംഭിച്ചിട്ടില്ലാത്തതിനാൽ ഈ പ്രശ്നം വിദ്യാലയങ്ങളെ കാര്യമായി ബാധിച്ചിരുന്നുമില്ല. എന്നാൽ മധ്യ വേനൽ അവധി കഴിഞ്ഞ് സ്കൂളുകൾ പൂർണ്ണ ശേഷിയിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണു സ്കൂൾ അധികൃതർ ഈ പ്രശ്നം തിരിച്ചറിഞ്ഞത്.
ഇതേ തുടർന്ന് ബസുകളിൽ ഉൾകൊള്ളാവുന്ന വിദ്യാർത്ഥികളുടെ പരിധി 20 ൽ നിന്ന് 30 ആയി ഉയർത്താൻ തീരുമാനിച്ചിരുന്നു. ഇതോടെ ഡ്രൈവർമ്മാരുടെ ദൗർലഭ്യം മൂലം നേരിടുന്ന പ്രശ്നം 50 ശതമാനം പരിഹരിക്കാൻ കഴിയുമെന്നാണു വിദ്യാലയ അധികൃതർ പ്രതീക്ഷിക്കുന്നത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BZn1FjZuXil57lV7tJoLTL