കുവൈത്തിൽ നിയമലംഘകർക്കെതിരെ കർശ്ശന നടപടികൾ സ്വീകരിച്ചതോടെ രാജ്യത്ത് പ്രവർത്തിക്കുന്ന നാടുകടത്തൽ കേന്ദ്രങ്ങൾ (ഡീപോർട്ടേഷൻ സെന്റർ) നിറഞ്ഞുകവിഞ്ഞു. ഇതോടെ പ്രവർത്തിക്കാത്ത 2 സ്കൂളുകൾ കൂടി നാടുകടത്തൽ കേന്ദ്രമാക്കി മാറ്റാൻ അനുവദിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ജിലീബ്, ഖൈത്താൻ എന്നീ പ്രദേശങ്ങളിലെ വിദ്യാലയങ്ങളാണ് ഡീപോർട്ടേഷൻ സെന്ററാക്കി മാറ്റുക. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുന്നതോടെ കൂടുതൽ പേർ പിടിയിലാകുമെന്ന കണക്കുകൂട്ടലിലാണ് പുതിയ കേന്ദ്രങ്ങൾ സജ്ജമാക്കുന്നത്. ജിലീബ് അൽ-ഷുയൂഖ്, ഖൈത്താൻ, ഫർവാനിയ, മഹ്‌ബൂല, അംഘറ, അൽ മസ്റാ, അൽ ജവാഖിർ എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാകും പരിശോധന. നിയമ ലംഘകർക്ക് താമസം, ജോലി എന്നിവ നൽകുന്നവർക്കെതിരെയും വിവരങ്ങൾ മറച്ചുവയ്ക്കുന്നവർക്കെതിരെയും കടുത്ത നടപടിയുണ്ടാകും. നിലവിൽ രാജ്യത്തുള്ള ഒന്നര ലക്ഷത്തോളം നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കാൻ ആഭ്യന്തര മന്ത്രിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് നിർദേശം നൽകിയിരുന്നു. പിടിക്കപ്പെടുന്ന നിയമലംഘകരെ ഡിപ്പോർട്ടേഷൻ സെന്ററിൽ പാർപ്പിച്ച് നിയമനടപടികൾ പൂർത്തിയാക്കി നാടുകടത്തും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6