കളമശ്ശേരി കുസാറ്റ് കാമ്പസിൽ ടെക്ക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാർഥികൾ മരിച്ചു. ഫെസ്റ്റിന്‍റെ സമാപനത്തോടനുബന്ധിച്ച ഗാനമേളക്കിടെയാണ് ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞുവീണാണ് ഭൂരിഭാഗം പേർക്കും പരിക്കേറ്റതെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. ടെക് ഫെസ്റ്റിന്റെ ഭാഗമായി പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. 46 പേർക്ക് പരിക്കേറ്റതായാണ് വിവരം. പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കാമ്പസിനകത്തേക്ക് പുറത്തുനിന്നുള്ളവരും എത്തിയിരുന്നു. വൈകുന്നേരം 7.30ഓടെ വലിയ ജനക്കൂട്ടമായി. ഇതിനിടെ മഴ പെയ്തപ്പോൾ ഓഡിറ്റോറിയത്തിലേക്ക് ആളുകളെല്ലാം ഓടിക്കയറിയതോടെയാണ് തിക്കും തിരക്കുമുണ്ടായത്. നിരവധി വിദ്യാർഥികൾ ബോധംകെട്ട് വീണു. രണ്ട് ദിവസത്തെ ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്. ഗാനമേളക്കായി നിരവധി പേരാണ് ക്യാംപസിലേക്ക് എത്തിയിരുന്നത്. മരിച്ചവരുടെ പേര് വിവരം ലഭ്യമായിട്ടില്ല. ഇവരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് മെഡിക്കൽ കോളേജിൽ നിന്ന് അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR