യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ വിമാനത്തിൽ അപ്രതീക്ഷിത സംഭവം. ഉടൻ തന്നെ അടിയന്തരമായി വിമാനത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. അമേരിക്കയിലെ ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്യാനൊരുങ്ങിയ വിമാനത്തിൽ നിന്നാണ് യാത്രക്കാരെ ഒഴിപ്പിച്ചത്.
108 യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ സൗത്ത് വെസ്റ്റ് എയർലൈൻസിൻറെ ബോയിങ് 737-700 വിമാനത്തിലാണ് സംഭവം ഉണ്ടായത്. ടേക്ക് ഓഫിന് ഒരുങ്ങുന്നതിനിടെ വിമാനത്തിലെ ഒരു യാത്രക്കാരൻറെ സ്മാർട്ട്ഫോൺ ബാറ്ററി കത്തുകയായിരുന്നു. ഇതിൽ നിന്നുയർന്ന തീ വിമാനത്തിൻറെ സീറ്റിലേക്ക് പടരുകയുമായിരുന്നു. വിമാനത്തിൻറെ സീറ്റിൽ തീനാളങ്ങൾ ആളിപ്പടർന്നതോടെ യാത്രക്കാർ പരിഭ്രാന്തരായതായി സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നു.
സോഷ്യൽ മീഡിയയിൽ ഇതിൻറെ വീഡിയോ പ്രചരിക്കുന്നുണ്ട്. ആളുകൾ പരിഭ്രാന്തരായി നടക്കുന്നത് വീഡിയോയിൽ കാണാം. സംഭവം നടന്ന ഉടൻ തന്നെ ക്യാബിൻ ക്രൂ, യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് അലറിവിളിച്ചു. വേഗം തന്നെ പുറത്തിറങ്ങാൻ അവർ യാത്രക്കാരോട് ആവശ്യപ്പെടുന്നത് വീഡിയോയിലുണ്ട്. പെട്ടെന്നുണ്ടായ സംഭവത്തിൽ തങ്ങളുടെ ലഗേജും കയ്യിലെടുത്ത് യാത്രക്കാർ പുറത്തേക്ക് ഇറങ്ങുകയായിരുന്നു.
വിമാനത്തിൻറെ പിൻഭാഗത്ത് ഉണ്ടായിരുന്ന യാത്രക്കാരെ എമർജൻസി എക്സിറ്റ് വഴിയും മുന്നിലുണ്ടായിരുന്നവരെ ജെറ്റ് ബ്രിഡ്ജ് വഴിയും പുറത്തേക്ക് ഇറക്കിയതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും സൗത്ത് വെസ്റ്റ് എയർലൈൻസും സ്ഥിരീകരിച്ചു. ഒഴിപ്പിക്കലിനിടെ ഒരു യാത്രക്കാരന് നിസ്സാര പരിക്കേറ്റു. ഫോണിൻറെ ഉടമയായ യാത്രക്കാരന് തീപിടിത്തത്തിൽ പൊള്ളലേറ്റിട്ടുണ്ട്. ഇയാൾക്ക് ചികിത്സ ലഭ്യമാക്കി. വളരെ പെട്ടെന്ന് നടപടിയെടുത്ത ക്രൂ അംഗങ്ങൾ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. തീ നിയന്ത്രണവിധേയമാക്കി. മറ്റ് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
പിന്നീട് മൂന്ന് മണിക്കൂറിന് ശേഷം വിമാനം യാത്ര തുടർന്നു. ഹൂസ്റ്റണിലെ വില്യം പി ഹോബി എയർപോർട്ടിൽ സുരക്ഷിതമായി എത്തിച്ചേരുകയും ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn