നെയ്യാറ്റിൻകരയിലെ ദുരൂഹ സമാധിസ്ഥലം തൽക്കാലം തുറക്കേണ്ടെന്നു തീരുമാനം. കല്ലറ തൽക്കാലം തുറക്കില്ലെന്നും കുടുംബത്തിന്റെ ഭാഗം കേൾക്കുമെന്നും സബ് കലക്ടർ അറിയിച്ചു. കല്ലറ തുറക്കുന്നതിനെതിരെ കടുത്ത എതിർപ്പുമായി കുടുംബം രംഗത്തെത്തിയിരുന്നു. കല്ലറ തുറന്നു പരിശോധിക്കാൻ കലക്ടർ അനുകുമാരി തിങ്കളാഴ്ച രാവിലെയാണ് ഉത്തരവിട്ടത്. സമാധിസ്ഥലമെന്ന പേരിൽ നിർമിച്ച കോൺക്രീറ്റ് അറ തുറക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ കുടുംബാംഗങ്ങൾ പ്രതിഷേധത്തിലായിരുന്നു. ചില നാട്ടുകാരും ഇവർക്കു പിന്തുണയുമായി രംഗത്തെത്തി. ഇതോടെ പ്രദേശത്തു സംഘർഷാവസ്ഥയായി.പിതാവ് സമാധിയായെന്ന് വ്യാഴാഴ്ച മക്കൾ ബോർഡ് വച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. ആറാലുംമൂട് സ്വദേശി ഗോപൻ സ്വാമി (78) സമാധി ആയതാണെന്നും അത് പരസ്യമാക്കാൻ പാടില്ലെന്നുമാണ് ഭാര്യയും മക്കളും പറയുന്നത്. താൻ സമാധി ആകാൻ പോകുന്ന കാര്യം പിതാവ് മുൻകൂട്ടി പറഞ്ഞിരുന്നുവെന്നും സമാധിയാകുന്ന വ്യക്തിയെ അടക്കം ചെയ്യുന്നത് ആരും അറിയാൻ പാടില്ലെന്നും കുടുംബം പറയുന്നു. ബന്ധുക്കളെയോ നാട്ടുകാരെയോ വാർഡ് അംഗത്തെയോ അറിയിക്കാതെയാണ് മണ്ഡപം കെട്ടി പിതാവിന്റെ ഭൗതികശരീരം പീഠത്തിലിരുത്തി സ്‌ളാബിട്ടു മൂടിയതെന്നാണ് നാട്ടുകാർ പറയുന്നത്. പോസ്റ്റർ കണ്ട് നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തി വിവരങ്ങൾ ശേഖരിച്ച് കലക്ടർക്കു റിപ്പോർട്ട് നൽകിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7