കുവൈറ്റിൽ വിവാഹം കഴിക്കാനുള്ള കുറഞ്ഞ പ്രായം 18 വയസ്സാക്കി ഉയർത്തി നീതിന്യായ മന്ത്രാലയം. ഇണകൾ വൈകാരികവും സാമൂഹികവുമായ പക്വത നേടിയിട്ടുണ്ടെന്ന് ഉറപ്പാക്കാനാണ് വിവാഹപ്രായം ഉയർത്തിയത്. കുവൈത്തിൽ വിവാഹിതരാകാനുള്ള ചുരുങ്ങിയ പ്രായം പുരുഷന്മാർക്ക് 17 വയസ്സും സ്ത്രീകൾക്ക് 15 വയസ്സും ആയിരുന്നു. 2024ൽ 1,145 പ്രായപൂർത്തിയാകാത്ത വിവാഹങ്ങളുടെ രജിസ്ട്രേഷൻ നടന്നതായാണ് കണക്കുകള്‍.
പേഴ്‌സണല്‍ സ്റ്റാറ്റസ് ലോ നമ്പര്‍ 51/1984-ലെ ആര്‍ട്ടിക്കിള്‍ 26, ജാഫാരി പേഴ്‌സണല്‍ സ്റ്റാറ്റസ് നിയമത്തിലെ 124/2019-ലെ ആര്‍ട്ടിക്കിള്‍ 15-ാം നമ്പറുമാണ് ഭേദഗതി ചെയ്തത്. കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ചും, സ്ത്രീകള്‍ക്കെതിരായ വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള രാജ്യാന്തര നിയമത്തിന്റെ ഭാഗമായിട്ടാണിത്.
കഴിഞ്ഞ വര്‍ഷം, 1,079 പെണ്‍കുട്ടികളും 66 ആണ്‍കുട്ടികളും ഉള്‍പ്പെടെ 1,145 പ്രായപൂര്‍ത്തിയാകാത്ത വിവാഹങ്ങള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്കിടെയില്‍ വിവാഹമോചന നിരക്ക് മുതിര്‍ന്നവരേക്കാള്‍ ഇരട്ടിയാണെന്നും പഠനങ്ങള്‍ തെളിയിച്ചു. വിവാഹ പ്രായം ഉയര്‍ത്തുന്നതിലൂടെ, യുവാക്കളെ സംരക്ഷിക്കുന്നതിനും വിവാഹമോചന നിരക്ക് കുറയ്ക്കുന്നതിനും കുടുംബ സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യം നിര്‍ണായക ചുവടുവയ്പ്പ് നടത്തുകയാണെന്ന് അല്‍ സുമൈത്ത് പറഞ്ഞു. കുടുംബങ്ങളെയും കുട്ടികളെയും സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാപരമായ പ്രതിബദ്ധതയില്‍ ഊന്നിയുള്ള നിയമപരിഷ്ക്കരണമാണന്നും മന്ത്രി കൂട്ടിചേര്‍ത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7