കുവൈത്ത് ഷോപ്പിങ് ഫെസ്റ്റിവൽ റാഫിൾ ഡ്രോ (യാ ഹാല റാഫിൾ ) ക്രമക്കേടിൽ ഈജിപ്ഷ്യൻ ദമ്പതിമാരടക്കം മൂന്നു പ്രധാനപ്രതികൾ പിടിയിൽ.അൽ നജാത്ത് ചാരിറ്റബിൾ കമ്മിറ്റിയിലെ ജീവനക്കാരിയാണ് പിടിയിലായ സ്ത്രീ. ഇവരുടെ ഭർത്താവും പ്രസ് കമ്പനി ജീവനക്കാരനുമാണ് പിടിയിലായ മറ്റൊരാൾ. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ സ്വദേശി ജീവനക്കാരനും പിടിയിലായവരിൽപെടുന്നു.അഞ്ച് ഈജിപ്തുകാരും ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളും തട്ടിപ്പ് സംഘത്തിന്റെ ഭാഗമാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിൽ ചിലർ രാജ്യം വിട്ടെന്നാണ് സൂചന. കുവൈത്ത് വിമാനത്താവളം വഴി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയാണ് ദമ്പതികൾ പിടിയിലായത്. ഈജിപ്ഷ്യൻ ദമ്പതിമാർ വിവിധ റാഫിളുകളിലായി ഏഴ് വാഹനങ്ങൾ നിയമവിരുദ്ധമായ രീതിയിൽ നേടിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.അൽ നജാത്ത് ചാരിറ്റി കമ്മിറ്റിയിലെ ജീവനക്കാരിയായ സ്ത്രീ തന്റെ സ്ഥാനം ദുരുപയോഗം ചെയ്ത് നറുക്കെടുപ്പുകളിൽ കൃത്രിമം നടത്തുകയും സമ്മാനങ്ങൾ കൈക്കലാക്കുകയുമായിരുന്നു. തട്ടിപ്പിലൂടെ അവർ തന്റെ പേരിൽ അഞ്ച് കാറുകളും ഭർത്താവിന്റെ പേരിൽ രണ്ട് കാറുകളും നിയമവിരുദ്ധമായി നേടി.ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ ലൈസൻസിങ് ഡിപ്പാർട്മെന്റ്, വാണിജ്യ വ്യവസായ മന്ത്രാലയവുമായി സഹകരിച്ചാണ് പ്രതികളെ പിടികൂടിയത്. റാഫിൾ നറുക്കെടുപ്പിനിടെ ഒരു വ്യക്തി തട്ടിപ്പ് നടത്തുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.വിപുല അന്വേഷണങ്ങളിലൂടെ, വിഡിയോയിലെ വ്യക്തി വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ജീവനക്കാരനാണെന്ന് തിരിച്ചറിഞ്ഞു. തന്റെ സ്ഥാനം ദുരുപയോഗം ചെയ്ത് അദ്ദേഹം റാഫിളുകളിൽ കൃത്രിമം കാണിച്ചതായും സാമ്പത്തിക നേട്ടങ്ങൾക്കായി പ്രത്യേക വ്യക്തികളുടെ വിജയം ഉറപ്പാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx