
തൂക്ക് കയറിലേയ്ക്ക് ഒരു നാൾ മാത്രം ബാക്കി; നിമിഷപ്രിയയുടെ മോചനത്തിന് ഇടപെട്ട് കാന്തപുരം; യമൻ പൗരന്റെ കുടുംബവുമായി സംസാരിച്ചു
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിൽ ഇടപെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. യെമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായാണ് വിവരം. യെമൻ പൗരന്റെ ബന്ധുക്കളുമായും ആശയവിനിമയം നടന്നെന്നാണ് സൂചന. ആശാവഹമായ മറുപടി ലഭിച്ചതായും കാന്തപുരവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. യമനിലെ സുന്നി പണ്ഡിതൻ സഈദ് ഉമർ ഹഫീസ് വഴിയാണ് തലാലിൻറെ കുടുംബാംഗങ്ങളുമായി ചർച്ച തുടരാൻ നിമിഷപ്രിയ മോചന സഹായ സമിതിക്ക് അവസരമൊരുക്കിയത്. കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയുടെ സഹോദരനുമായി കാന്തപുരം സംസാരിച്ചു.
നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി ജയശങ്കറിനും മുഖ്യമന്ത്രി കത്ത് നൽകിയിട്ടുണ്ട്. അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. നിമിഷപ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാൽ എം പിയും കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.
നാലുദിവസം മാത്രമാണ് ഇനി മുന്നിലുളളതെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൂടുതൽ കാര്യക്ഷമമായി വിഷയത്തെ കാണണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. അടിയന്തരമായി സംസ്ഥാന മന്ത്രിതല സംഘം പ്രധാനമന്ത്രിയെ കാണണമെന്നും ഒരു ജീവന്റെ പ്രശ്നമാണ് എന്ന പരിഗണനയിൽ മുഖ്യമന്ത്രി കൂടുതൽ ഗൗരവത്തോടെ ഈ വിഷയം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
നിമിഷപ്രിയക്കായി ഇടപെടണം എന്നാവശ്യപ്പെട്ട് പാർലമെന്റ് അംഗങ്ങളായ കെ രാധാകൃഷ്ണൻ, ജോൺ ബ്രിട്ടാസ്, കൊടിക്കുന്നിൽ സുരേഷ്, എന്നിവരും ചാണ്ടി ഉമ്മൻ എംഎൽഎ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എന്നിവരും രംഗത്തെത്തിയിരുന്നു. യെമൻ പൗരൻ തലാൽ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിൽ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്നാണ് റിപ്പോർട്ട്. 2017 മുതൽ യെമനിലെ ജയിലിൽ കഴിയുകയാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)