യുഎഇയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മൃതദേഹം നാട്ടിൽ കൊണ്ടുവരും; മകളുടെ മൃതദേഹം ദുബായിൽ സംസ്കരിക്കും

ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. എന്നാൽ ഒന്നര വയസ്സുകാരിയായ മകൾ വൈഭവിയുടെ മൃതദേഹം ​ദുബായിൽ സംസ്കരിക്കാനും തീരുമാനിച്ചു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ന് നടന്ന ചർച്ചയിലാണ് തീരുമാനം. ഹിന്ദു ആചാരപ്രകാരമായിരിക്കും ശവസംസ്കാരം.വിപഞ്ചികയുടെ മാതാവ് ഷൈലജ, കാനഡയിൽ നിന്നെത്തിയ സഹോദരൻ വിനോദ് മണിയൻ എന്നിവരുമായും ഭർത്താവ് നിതീഷ് മോഹന്റെ ബന്ധുക്കളുമായാണ് കോൺസുലേറ്റ് അധികൃതർ ചർച്ച നടത്തിയത്. കുഞ്ഞിന്റെ മൃതദേഹം ഇവിടെ തന്നെ സംസ്കരിക്കണമെന്ന് നിതീഷും നാട്ടിൽ സംസ്കരിക്കണമെന്ന് ഷൈലജയും വിനോദും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലാണ് ഇന്നത്തെ ചർച്ചയിൽ തീരുമാനമായത്.

ഇന്നലെ കോടതി ഉത്തരവ് പ്രകാരം നിതീഷ് കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങി ഷാർജയിൽ സംസ്കരിക്കാൻ ഒരുങ്ങുന്നതിനിടെയായിരുന്നു ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഈ വിഷയത്തിൽ ഇടപെട്ടത്. തുടർന്ന് ഇരുകൂട്ടരേയും ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു. ശവസംസ്കാരം മാറ്റിവച്ചതായി നിതീഷിന്റെ ബന്ധുക്കൾ അറിയിക്കുകയും ചെയ്തിരുന്നു.

നേരത്തെ, മാതാവ് ഷൈലജ നൽകിയ പരാതിയിൽ വിപഞ്ചികയുടെ ഭർത്താവ് ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷ് മോഹനെ ഒന്നാം പ്രതിയാക്കി കൊല്ലം കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. ഇയാളുടെ സഹോദരി രണ്ടാം പ്രതിയും പിതാവ് മോഹനൻ മൂന്നാം പ്രതിയുമാണ്.വിപഞ്ചികയുടെയും മകൾ വൈഭവിയുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിയ ശേഷം വീണ്ടും പോസ്റ്റുമോർട്ടത്തിന് ആവശ്യപ്പെടുമെന്ന് കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിക്കുന്ന വിപഞ്ചികയുടെ ആറോളം പേജ് വരുന്ന ആത്മഹത്യക്കുറിപ്പ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീടത് അപ്രത്യക്ഷമായി. ഭർത്താവ് നിതീഷ് മോഹൻ, ഭർതൃപിതാവ് മോഹനൻ, ഭർതൃ സഹോദരി നീതു എന്നിവർക്കെതിരെ മാനസികവും ശാരീരികവുമായ പീഡനങ്ങൾ സംബന്ധമായി ഒട്ടേറെ കാര്യങ്ങൾ കത്തിൽ എഴുതിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച( ഈ മാസം 8)യാണ് ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ മാനേജരായ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനെ(33)യും മകൾ വൈഭവിയെയും ഷാർജ അൽ നഹ്ദയിലെ ഫ്ളാറ്റിൽ ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വൈഭവിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നു. കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷമാണ് കയറിൽ കെട്ടിത്തൂക്കിയത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top