
വാട്‌സ്ആപ്പിൽ അനാവശ്യ മെസേജുകള്‍ വരുന്നുണ്ടോ? എങ്കിൽ വിഷമിക്കേണ്ട, ഇവ നിയന്ത്രിക്കാൻ വരുന്നു യൂസർനെയിം കീകൾ, വിശദമായി അറിയാം
വാട്‌സ്ആപ്പിൽ നിരവധി പുതിയ ഫീച്ചറുകളാണ് വന്നുകൊണ്ടിരിക്കുന്നത്. പുതിയതായി ‘യൂസർ നെയിം കീകൾ’ എന്ന് വിളിക്കപ്പെടുന്ന ഫീച്ചറാണ് മെറ്റ വികസിപ്പിക്കുന്നതെന്ന് വാട്‍സ്‌ആപ്പ് ട്രാക്കറായ WABetaInfo വെളിപ്പെടുത്തി. വാട്‌സ്ആപ്പില്‍ അപരിചിതർ ടെക്സ്റ്റ് അയക്കുന്നത് നിയന്ത്രിക്കുന്നതിനാണ് കമ്പനി യൂസർനെയിം കീകൾ വികസിപ്പിക്കുന്നത്. ആൻഡ്രോയ്‌ഡ് 2.25.22.9 അപ്‌ഡേറ്റിനായുള്ള വാട്‍സ്‌ആപ്പ് ബീറ്റയിലാണ് പുതിയ ഫീച്ചർ ആദ്യം കണ്ടെത്തിയത്. നിലവിൽ പ്ലാറ്റ്‌ഫോമിലെ എല്ലാ ബീറ്റാ ടെസ്റ്റർമാർക്കും ഇത് ലഭ്യമല്ല. ഈ ഫീച്ചറിന് രണ്ട് ഭാഗങ്ങൾ ഉണ്ടാകും. യൂസർനെയിം ആയിരിക്കും ആദ്യത്തേത്. ഇത് ഫോൺ നമ്പറുകൾ പങ്കിടാതെ തന്നെ ആളുകളുമായി ചാറ്റ് ചെയ്യാന്‍ അനുവദിക്കുന്നു. അതായത്, ഒരു വാട്‌സ്ആപ്പ് ഉപയോക്താവ് മറ്റൊരാളുമായി ചാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അയാൾക്ക് തന്‍റെ മൊബൈല്‍ നമ്പർ നൽകുന്നതിന് പകരം തന്‍റെ യൂസർ നെയിം മാത്രം പങ്കിടാം. ഈ സവിശേഷത ടെലിഗ്രാം പോലെ പ്രവർത്തിക്കും.
ഈ പുതിയ സവിശേഷതയുടെ രണ്ടാമത്തെ ഭാഗം യൂസർനെയിം കീകൾ ആണ്. അതൊരു നാലക്ക പിൻ കോഡായിരിക്കും. ഒരു വാട്‌സ്ആപ്പ് ഉപയോക്താവിന് ഒരു പുതിയ വ്യക്തിയിൽ നിന്ന് ഒരു സന്ദേശം ലഭിക്കണമെങ്കിൽ, അയാൾ തന്‍റെ ഉപയോക്തൃനാമത്തോടൊപ്പം ഈ പിൻ പങ്കിടേണ്ടിവരും. ഈ കീ ഇല്ലാതെ ഒരു അജ്ഞാത വ്യക്തിക്കും ഉപയോക്താവിന് ഒരു സന്ദേശവും അയയ്ക്കാൻ കഴിയില്ല. അനാവശ്യമായതും സ്‍പാം ആയതുമായ സന്ദേശങ്ങൾ തടയുന്നതിന് ഈ ഫീച്ചർ സഹായിക്കും. വാട്‍സ്‌ആപ്പിന്‍റെ ആൻഡ്രോയ്‌ഡ് ആപ്പ് ഉപയോക്താക്കൾക്കായി യൂസർ നെയിം കീകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ട്രാക്കറായ WABetaInfo പങ്കിട്ട ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഇത് അക്കൗണ്ട് പങ്കിടുമ്പോൾ ഫോൺ നമ്പറുകൾ പങ്കിടേണ്ടതിന്‍റെ ആവശ്യകതയെ ഒഴിവാക്കും. അതേസമയം ഉപയോക്താവ് ഇതിനകം ചാറ്റ് ചെയ്യുന്നവരെയോ ഉപയോക്താവിന്‍റെ ഫോൺ നമ്പർ ഉള്ളവരെയോ ഈ നിയന്ത്രണം ബാധിക്കില്ലെന്നും റിപ്പോർട്ടില്‍ വിശദീകരിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)