ഇന്ത്യയിലെ നിക്ഷേപം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ കാർ നിർമാണ കമ്പനിയായ മാരുതി സുസുക്കിയിൽ നിക്ഷേപത്തിനൊരുങ്ങി കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റി. മാരുതിയുടെ 1.02 ശതമാനം ഓഹരികളാണ് കെ.ഐ.എ വാങ്ങുന്നത്. നിലവിൽ കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റിക്ക് കാർട്രേഡ് ടെക്, സൺടെക് റിയൽറ്റി, പി.വി.ആർ ലിമിറ്റഡ്, പി.എൻ.സി ഇൻഫ്രാടെക് തുടങ്ങിയ ഇന്ത്യൻ കമ്പനികളിൽ പങ്കാളിത്തമുണ്ട്. കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റിക്ക് നിലവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 590 ശതകോടി ഡോളറിന്റെ നിക്ഷേപമുണ്ട്. മെഡിക്കൽ, ഓട്ടോമൊബൈൽ തുടങ്ങി വിവിധ മേഖലകളിലെ ഇന്ത്യയിലെ നിക്ഷേപസാധ്യതകൾ പരിചയപ്പെടുത്തുന്ന പരിപാടികൾ കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. ലോകത്തിലെ അഞ്ചാമത് വലിയ സ്വതന്ത്ര നിക്ഷേപ നിധികളിലൊന്നായ കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റി ഇന്ത്യയിൽ 500 കോടി ഡോളറിന്റെ നിക്ഷേപത്തിനൊരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.വിമാനത്താവള, ഹൈവേ, മറ്റു അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ കുവൈത്ത് നിക്ഷേപം നടത്തും. ഇന്ത്യയും കുവൈത്തുമല്ലാത്ത മൂന്നാമതൊരു രാജ്യത്തിൽ സംയുക്ത നിക്ഷേപ പദ്ധതിക്ക് കുവൈത്ത് സർക്കാർ ഇന്ത്യക്ക് മുന്നിൽ നിർദേശം സമർപ്പിച്ചതായും റിപ്പോർട്ടുണ്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ നിക്ഷേപത്തിന് അനുയോജ്യമായ സ്ഥലമാണെന്നാണ് കുവൈറ്റിന്റെ വിലയിരുത്തൽ. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ESJ77frEFYy53WxxjMKG9E