
ഇത് കൊള്ളാലോ! മെസേജ് അയക്കാൻ എഐ സഹായിക്കും, കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ്
സന്ദേശങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്ന പുതിയൊരു എഐ ഫീച്ചർ വാട്സ്ആപ്പ് പരീക്ഷിക്കുന്നു. ഈ ഫീച്ചർ വരുന്നതോടെ അയക്കുന്നതിന് മുൻപ് തന്നെ നിങ്ങളുടെ മെസ്സേജുകൾ മാറ്റിയെഴുതാനും മെച്ചപ്പെടുത്താനും കഴിയും. വാബീറ്റാഇൻഫോ (WABetaInfo) എന്ന ട്രാക്കർ കണ്ടെത്തിയ ഈ ഫീച്ചർ ആൻഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഇപ്പോൾ ലഭ്യമാക്കിയിട്ടുള്ളത്.
മെറ്റ വികസിപ്പിച്ച “റൈറ്റിംഗ് ഹെൽപ്പ് അസിസ്റ്റന്റ്” എന്ന ഈ ഫീച്ചർ, “പ്രൈവറ്റ് പ്രോസസിങ്” എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഇത് നിങ്ങളുടെ സ്വകാര്യത ഉറപ്പാക്കുന്നു. നിങ്ങൾ അയക്കുന്ന മെസ്സേജും, അതിലൂടെ ഉണ്ടാകുന്ന പ്രതികരണങ്ങളും ഇത് രഹസ്യമായി സൂക്ഷിക്കും. അതിനാൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നുപോകില്ല.
ഈ ഫീച്ചർ എങ്ങനെ പ്രവർത്തിക്കുന്നു?
നിങ്ങൾ മൂന്നോ നാലോ വാക്കുകൾ ടൈപ്പ് ചെയ്യുമ്പോൾ, സാധാരണ സ്റ്റിക്കർ ഐക്കണിന് പകരം ഒരു പേനയുടെ ഐക്കൺ കാണാം. ഇത് പുതിയ എഐ റൈറ്റിംഗ് അസിസ്റ്റന്റിനെ സൂചിപ്പിക്കുന്നു. ഈ ബട്ടണിൽ ടാപ്പ് ചെയ്യുമ്പോൾ മെസ്സേജ് മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾക്കായി മെറ്റാ എഐ-യോട് ആവശ്യപ്പെടാം.
റൈറ്റിംഗ് ഹെൽപ്പ് അസിസ്റ്റന്റിൽ നിങ്ങൾക്ക് അഞ്ച് ഓപ്ഷനുകളുണ്ട്:
റീഫ്രെയ്സ് ടോൺ (Rephrase tone): ഇത് നിങ്ങളുടെ മെസ്സേജുകൾക്ക് വ്യത്യസ്തമായ ശൈലി നൽകുന്നു.
പ്രൊഫഷണൽ ടോൺ (Professional tone): ഔദ്യോഗികമായ സംഭാഷണങ്ങൾക്ക് ഇത് ഉപയോഗിക്കാം.
ഫണ്ണി ടോൺ (Funny tone): തമാശ രൂപത്തിൽ മെസ്സേജ് അയയ്ക്കാൻ ഇത് സഹായിക്കും.
സപ്പോർട്ടീവ് ടോൺ (Supportive tone): ഇത് സൗഹാർദ്ദപരമായ മെസ്സേജുകൾക്ക് അനുയോജ്യമാണ്.
പ്രൂഫ് റീഡ് ടോൺ (Proofread tone): ഇത് നിങ്ങളുടെ മെസ്സേജിലെ വ്യാകരണപരമായ തെറ്റുകൾ തിരുത്തുന്നു.
നിങ്ങൾക്ക് ഇഷ്ടമുള്ള ടോൺ തിരഞ്ഞെടുത്ത് മെസ്സേജ് എളുപ്പത്തിൽ മെച്ചപ്പെടുത്താം. എഐ നിർദ്ദേശിച്ച സന്ദേശം ഇഷ്ടപ്പെട്ടില്ലെങ്കിൽ സാധാരണയായി അയച്ചതുപോലെ തന്നെ നിങ്ങളുടെ യഥാർത്ഥ മെസ്സേജും അയയ്ക്കാം.
നിങ്ങളുടെ സ്വകാര്യത സുരക്ഷിതം
ഈ ഫീച്ചറിലൂടെ അയച്ച മെസ്സേജുകൾക്ക് പ്രത്യേക ലേബലുകളൊന്നും ഉണ്ടാവില്ല. അതിനാൽ എഐയുടെ സഹായത്തോടെയാണ് മെസ്സേജ് അയച്ചതെന്ന് സ്വീകരിക്കുന്ന ആൾക്ക് മനസ്സിലാകില്ല. ഈ ഫീച്ചർ പൂർണ്ണമായും ഓപ്ഷണലാണ്, നിങ്ങൾ സെറ്റിങ്സിൽ പോയി ഇത് ഓൺ ചെയ്താൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. നിലവിൽ ചില ബീറ്റാ ഉപയോക്താക്കൾക്ക് മാത്രമാണ് ഇത് ലഭ്യമാക്കിയിട്ടുള്ളത്. പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷം, ഈ ഫീച്ചർ ആഗോളതലത്തിൽ ലഭ്യമാക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)