
വിഷമദ്യ ദുരന്തത്തിന് പിന്നാലെ പരിശോധന കർശനമാക്കി കുവൈത്ത്; 258 പ്രവാസികൾ അറസ്റ്റിൽ
കുവൈത്തിൽ വ്യാജമദ്യ ദുരന്തത്തിന് പിന്നാലെ രാജ്യവ്യാപകമായി പരിശോധന കർശനമാക്കി ആഭ്യന്തര മന്ത്രാലയം. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 258 പ്രവാസികളെയാണ് വിവിധ ഗവർണറേറ്റുകളിൽ നിന്നായി അറസ്റ്റ് ചെയ്തത്.
ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിന്റെ നിർദ്ദേശപ്രകാരമാണ് പരിശോധന നടന്നത്. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവർ, റെസിഡൻസ് പെർമിറ്റ് പുതുക്കാത്തവർ, തൊഴിലിടങ്ങളിൽ നിന്ന് ഒളിച്ചോടിയവർ എന്നിവർ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട്, അനധികൃത മദ്യനിർമാണത്തിന് നേതൃത്വം നൽകിയ ബംഗ്ലാദേശ് സ്വദേശിയായ ദെലോറ പ്രകാശ് ദാരാജ് ഉൾപ്പെടെയുള്ളവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യക്കാർ ഉൾപ്പെടെ 67 പേരാണ് ഇതിനകം പിടിയിലായത്. അനധികൃതമായി പ്രവർത്തിച്ച ആറ് മദ്യനിർമാണശാലകളും നാല് നിർമാണ കേന്ദ്രങ്ങളും അധികൃതർ അടച്ചുപൂട്ടി.
കുവൈത്തിൽ വ്യാജമദ്യം കഴിച്ച് മലയാളികൾ ഉൾപ്പെടെ 23 പേരാണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന 160 പേരിൽ 20-ലധികം പേർക്ക് കാഴ്ച നഷ്ടപ്പെടുകയും പത്തോളം പേർ അതീവ ഗുരുതരാവസ്ഥയിലുമാണ്.
നിയമ ലംഘനങ്ങൾ നടത്തുന്ന തൊഴിലാളികൾക്കും തൊഴിലുടമകൾക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. മെഥനോൾ അടങ്ങിയ വ്യാജമദ്യം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും മരണവും വരെ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് അവഗണിക്കരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)