
ഗൾഫിൽ ജയിൽവാസം കഴിഞ്ഞ് മൂന്ന് വർഷത്തിന് ശേഷം മടങ്ങി; വയോധികനെ വെട്ടിയ കേസിൽ നാട്ടിൽ അറസ്റ്റിൽ
ഗൾഫിൽ ജയിൽ വാസം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയെത്തിയ യുവാവിനെ തിരുവനന്തപുരം പൊലീസ് അറസ്റ്റ് ചെയ്തു. സൗദി അറേബ്യയിലാണ് ഇയാൾ നേരത്തെ ജയിലിൽ കഴിഞ്ഞിരുന്നത്. തിരുവനന്തപുരം പരശുവയ്ക്കൽ പണ്ടാരക്കോണം തൈപ്ലാങ്കാലയിൽ റിനു(31) ആണ് പാറശാല പൊലീസിന്റെ പിടിയിലായത്. വയോധികനെ ആക്രമിച്ച് വെട്ടി പരിക്കേൽപ്പിച്ച കേസിലാണ് പൊലീസ് നടപടി. സൗദി അറേബ്യയിൽ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ ഇയാളെ കേരള പൊലീസ് സംഘം മുംബൈയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് തിരുവനന്തപുരത്ത് എത്തിച്ച് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻ്റ് ചെയ്തു.
പരശുവയ്ക്കൽ നിവാസി ശിവശങ്കരൻ നായരുടെ വീട്ടിന് മുന്നിൽ നടന്നുവന്ന ലഹരിമാഫിയാ പ്രവർത്തനങ്ങൾ ചോദ്യംചെയ്തതിനെതിരെയായിരുന്നു റിനു അടക്കം നാലംഗ സംഘത്തിന്റെ ആക്രമണം. വാഹനങ്ങളിൽ എത്തിയ സംഘം ശിവശങ്കരൻ നായരെ ക്രൂരമായി വെട്ടിപ്പരിക്കേല്പിച്ച ശേഷം കടന്ന് കളയുകയായിയിരുന്നു. മൂന്ന് വർഷം മുൻപാണ് ഈ സംഭവമുണ്ടായത്. കേസിലെ ഒന്നാം പ്രതിയാണ് റിനു. വിദേശത്തേക്ക് കടന്ന ഇയാൾ സൗദി അറേബ്യയിൽ ജോലി നേടി. എന്നാൽ അവിടെയും ഇയാൾ ലഹരി പ്രവർത്തനങ്ങളിൽ സജീവമായി. നിയമവിരുദ്ധമായി ചാരായം വാറ്റി വിപണനം നടത്തിയ ഇയാളെ വൈകാതെ സൗദി പൊലീസ് പിടികൂടി. മൂന്ന് വർഷത്തോളമായി ജയിലിൽ കഴിയുന്നതിനിടെ പൊതുമാപ്പിനെ തുടർന്ന് പുറത്തിറങ്ങി. എങ്കിലും ഇയാളെ സൗദി തിരികെ ഇന്ത്യയിലേക്ക് നാടുകടത്തി. അങ്ങനെ മുംബൈയിൽ വന്നിറങ്ങിയപ്പോഴാണ് കേരള പൊലീസിൻ്റെ പിടിയിലായത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)