Posted By Editor Editor Posted On

കുവൈറ്റിലെ സ്‌കൂളുകളിലെ കാന്റീനുകളുടെ പ്രവർത്തനം ഇനി പുതിയ 20 കമ്പനികൾക്ക്; നിരവധി ഭക്ഷ്യവസ്തുക്കൾക്ക് വിലക്ക്

കുവൈറ്റിൽ പുതിയ അധ്യയന വർഷത്തിൽ കാന്റീനുകളുടെ പ്രവർത്തനം ഇനി പുതിയ 20 കമ്പനികൾക്ക്.
പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN) ആണ് അംഗീകാരം നൽകിയത്. ഇതിനായി അപേക്ഷിച്ച 36 കമ്പനികളിൽ നിന്നാണ് ഈ 20 എണ്ണത്തിന് അംഗീകാരം ലഭിച്ചത്. സ്‌കൂൾ കാന്റീനുകൾക്കായുള്ള എക്സിക്യൂട്ടീവ് റെഗുലേഷനുകളിൽ പറഞ്ഞിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചതിനാലാണ് ഈ കമ്പനികൾക്ക് അനുമതി ലഭിച്ചതെന്ന് അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് ഡോ. ഷൈമ അൽ-അസ്‌ഫൂർ പറഞ്ഞു. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വിദ്യാർത്ഥികളുടെ ആരോഗ്യവും പോഷകാഹാര ശീലങ്ങളും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു വികസന പദ്ധതിയാണെന്നും, ഇത് സ്കൂളുകളിൽ നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. അതോടൊപ്പം ശീതളപാനീയങ്ങൾ, ഊർജ്ജ പാനീയങ്ങൾ, കഫീൻ അടങ്ങിയ പാനീയങ്ങൾ, പഞ്ചസാരയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണങ്ങൾ, ട്രാൻസ് ഫാറ്റ് ഉൾപ്പെടുന്ന ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്, ടിന്നിലടച്ച നൂഡിൽസ്, കൃത്രിമ നിറങ്ങൾ, ഉയർന്ന കലോറി സോസുകൾ, സംസ്കരിച്ച മാംസം എന്നിവക്ക് വിലക്കും ഏർപ്പെടുത്തി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

‘അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നലംഘനം, ഖത്തറിന് പിന്തുണ’; ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് കുവൈത്ത്

ദോഹ: ഖത്തറിനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്തും ഖത്തറും. ഇസ്രായേലിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും മേഖലയുടെ സുരക്ഷക്ക് ഭീഷണിയാണെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കി.ഇസ്രായേൽ ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിക്കുന്നതും മേഖലയുടെ സമാധാനത്തിന് ഗുരുതരമായ ഭീഷണിയുമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഈ ആക്രമണം തടയാൻ ഐക്യരാഷ്ട്രസഭ രക്ഷാകൗൺസിൽ അടിയന്തരമായി ഇടപെടണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു.

ഹമാസ് നേതാക്കൾ താമസിക്കുന്ന ദോഹയിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ നടത്തിയ ഭീരുത്വപരമായ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. ഖത്തറിൻ്റെ സുരക്ഷ, പരമാധികാരം, പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ എന്നിവ സംരക്ഷിക്കാൻ സ്വീകരിച്ച നടപടികൾക്ക് കുവൈത്ത് പിന്തുണ പ്രഖ്യാപിച്ചു.ഖത്തറിൻ്റെ സുരക്ഷയെയും പരമാധികാരത്തെയും ലക്ഷ്യമിട്ടുള്ള ഒരു നീക്കവും വെച്ചുപൊറുപ്പിക്കില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൻസാരി വ്യക്തമാക്കി. ഈ കുറ്റകൃത്യം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

ഗാസ വെടിനിർത്തൽ ചർച്ചകൾ ദോഹയിൽ നടക്കുന്നതിനിടയിലാണ് ഹമാസ് നേതാക്കൾക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐ.ഡി.എഫ്) സ്ഥിരീകരിച്ചു. ഒക്ടോബർ 7-ലെ ആക്രമണത്തിന് ഉത്തരവാദികളായവരെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. അതേസമയം, സമാധാന ചർച്ചകളിൽ പങ്കെടുക്കുന്നവരെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് ഹമാസ് ആരോപിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

കുവൈത്തിൽ ഈ വർഷം വൻ മയക്കുമരുന്ന് വേട്ട; ആയിരക്കണക്കിന് കിലോ ഉത്പന്നങ്ങൾ പിടിച്ചെടുത്തു

കുവൈത്തിൽ ഈ വർഷം ആദ്യ പകുതിയിൽ ഏകദേശം ആയിരം കിലോയോളം മയക്കുമരുന്ന് ഉത്പന്നങ്ങളും ഇരുപത് ലക്ഷത്തിലധികം ഗുളികകളും പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

പിടിച്ചെടുത്ത മയക്കുമരുന്നിൻ്റെ വിശദാംശങ്ങൾ:

ഹാഷിഷ്: 609 കിലോഗ്രാം

ഹെറോയിൻ: 11 കിലോഗ്രാം

ഷാബു: 302 കിലോഗ്രാം

മരിജുവാന: 41 കിലോഗ്രാം

രാസലഹരി വസ്തുക്കൾ: 54 കിലോഗ്രാം

കൊക്കെയ്ൻ: ഒരു കിലോഗ്രാം

ക്രാറ്റോം: 5 കിലോഗ്രാം

ഇവ കൂടാതെ, 20 ലക്ഷത്തിലധികം സൈക്കോട്രോപിക് ഗുളികകളും 19,477 കിലോഗ്രാം ലിറിക്ക പൗഡറും 9,438 കുപ്പി മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. ഈ കാലയളവിൽ മയക്കുമരുന്ന് സംബന്ധമായി ആകെ 1,451 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 1,203 മയക്കുമരുന്ന് ഉപയോഗ കേസുകളും, 514 കടത്ത് കേസുകളും, 122 ഇറക്കുമതി കേസുകളും ഉൾപ്പെടുന്നു. ആകെ 1,864 പ്രതികളെ അറസ്റ്റ് ചെയ്തു.മദ്യക്കടത്ത് ഉൾപ്പെട്ട 25 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു.മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട 513 പേരെ നാടുകടത്തി. മയക്കുമരുന്ന് ഉപയോഗം കാരണം ഒരു സ്ത്രീയടക്കം 11 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

Comments (0)

Leave a Reply

Your email address will not be published. Required fields are marked *