Posted By Editor Editor Posted On

കുവൈത്തിലെ മലയാളി വിദ്യാര്‍ഥിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കണമെങ്കില്‍ ലക്ഷങ്ങള്‍ നല്‍കണം, ഇടപെട്ട് ഡല്‍ഹി ഹൈക്കോടതി

പ്രവാസി വിദ്യാർഥിയുടെ സർട്ടിഫിക്കറ്റുകൾ തിരികെ നൽകാൻ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. നഴ്‌സിങ് പഠനം പാതിവഴിയിൽ നിർത്തിയ കുവൈത്ത് പ്രവാസിയായ ജേക്കബ് വർഗീസ് മുല്ലൻപാറക്കലിന്റെ സർട്ടിഫിക്കറ്റുകൾ ഉടൻ തിരികെ നൽകാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് വികാസ് മഹാജനാണ് ഇത് സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. നഴ്‌സിങ് പഠനത്തിനുശേഷം പോസ്റ്റ് ബിഎസ്.സി പഠനത്തിനായി ബെംഗളൂരുവിലെ ഡിയാന കോളേജ് ഓഫ് നഴ്‌സിങ്ങിൽ 2021-ൽ ചേർന്നതായിരുന്നു ജേക്കബ്. അന്ന് എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും കോളേജിൽ ഏൽപ്പിച്ചു. ഏതാനും ദിവസങ്ങൾക്കകം പഠനം അവസാനിപ്പിച്ച ജേക്കബ് സർട്ടിഫിക്കറ്റുകൾ തിരികെ ആവശ്യപ്പെട്ടപ്പോൾ, രണ്ടുവർഷത്തെ മുഴുവൻ ഫീസും നൽകിയെങ്കിൽ മാത്രമേ സർട്ടിഫിക്കറ്റുകൾ തിരികെ നൽകൂ എന്ന നിലപാടാണ് കോളേജ് സ്വീകരിച്ചത്. ഏതാനും വർഷങ്ങളായി കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവാസിയുടെ ബലഹീനത മുതലെടുത്ത് ലക്ഷങ്ങൾ ആവശ്യപ്പെട്ട ഈ നടപടിയെ ചോദ്യം ചെയ്താണ് ജേക്കബ് പ്രവാസി ലീഗൽ സെല്ലിനെ സമീപിച്ചത്. തുടർന്ന്, ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി, ഇക്കാര്യത്തിൽ കോളേജിനെതിരെ ഉചിതമായ നടപടിയെടുക്കണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കാൻ യുജിസിക്ക് (UGC) നിർദേശം നൽകി. ഹർജിക്കാരനുവേണ്ടി അഡ്വ. ജോസ് എബ്രഹാം, അഡ്വ. ബേസിൽ ജെയ്‌സൺ എന്നിവർ ഹൈക്കോടതിയിൽ ഹാജരായി. നഴ്‌സുമാരുടെ ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി പ്രവാസി ലീഗൽ സെൽ മുൻപ് ഡൽഹി ഹൈക്കോടതിയിൽ നിന്നും സുപ്രീം കോടതിയിൽ നിന്നും അനുകൂല ഉത്തരവുകൾ നേടിയിരുന്നു. പല രൂപത്തിലും ഈ ബോണ്ട് സമ്പ്രദായം ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിൽ, പ്രവാസി ലീഗൽ സെൽ നേടിയെടുത്ത വിധികൾ ഇത്തരം പ്രശ്‌നമുള്ളവർക്ക് പ്രയോജനകരമാണെന്ന് സെൽ ഭാരവാഹികൾ അറിയിച്ചു. പ്രവാസി ലീഗൽ സെൽ വക്താവ് സുധീർ തിരുനിലത്ത്, കൺട്രിഹെഡ് ബാബു ഫ്രാൻസീസ്, ചാപ്റ്റർ പ്രസിഡൻ്റ് ബിജു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷൈജിത്ത് എന്നിവർ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

‘നോർക്ക കെയർ’ യാഥാർഥ്യമായതിൻ്റെ ആത്മസംതൃപ്തിയിൽ കുവൈത്തിലെ പ്രവാസി മലയാളി; ആശയം ഉന്നയിച്ചത് ലോക കേരള സഭയിൽ

കുവൈത്ത് സിറ്റി: മടങ്ങിപ്പോകുന്ന പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന ‘നോർക്ക കെയർ’ പദ്ധതി യാഥാർഥ്യമായതിൻ്റെ ആത്മസംതൃപ്തിയിലാണ് കുവൈത്ത് പ്രവാസി ബാബു ഫ്രാൻസിസ്. പ്രവാസികളുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് എന്ന ആശയം വിവിധ വേദികളിൽ തുടർച്ചയായി ഉയർത്തിക്കൊണ്ടുവന്ന വ്യക്തിയാണ് അദ്ദേഹം.

ലോക കേരളസഭ പ്രതിനിധിയും എൻ.സി.പി എസ് പി. വർക്കിംഗ് കമ്മിറ്റി അംഗവും ഓവർസീസ് സെൽ ദേശീയ അധ്യക്ഷനുമായ ബാബു ഫ്രാൻസിസ്, 2018-ൽ ആദ്യ ലോക കേരള സഭയിൽ വെച്ചാണ് ഈ ആവശ്യം ആദ്യമായി ഉന്നയിച്ചത്. ആദ്യ ലോക കേരളസഭ രൂപീകരിച്ച സമയം മുതൽ അംഗമായ അദ്ദേഹം, ഈ വിഷയത്തിൽ തുടർച്ചയായി നിവേദനങ്ങൾ നൽകുകയും ലോക കേരള സമ്മേളന ചർച്ചകളിലും മറ്റ് പ്രവാസി പരിപാടികളിലും വിഷയം അവതരിപ്പിക്കുകയും ചെയ്തിരുന്നു.

2024 ജൂണിൽ നടന്ന നാലാം ലോക കേരള സഭയിലും മടങ്ങി വരുന്ന പ്രവാസികളെക്കൂടി ഉൾപ്പെടുത്തി സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്ന് മുഖ്യമന്ത്രിയോടും സ്പീക്കറോടും ബാബു ഫ്രാൻസിസ് ശക്തമായി ആവശ്യപ്പെട്ടിരുന്നു. താൻ നിരന്തരം ഉയർത്തിയ ആവശ്യം ഇപ്പോൾ ഫലപ്രാപ്തിയിലെത്തിയതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

പോലീസ് വേഷത്തിൽ ഫോൺ വിളിക്കും, ബാങ്കിംഗ് വിവരങ്ങൾ ആവശ്യപ്പെടും; കുവൈത്തിൽ പ്രവാസി അറസ്റ്റിൽ

കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷാ ഉദ്യോഗസ്ഥരെന്ന് നടിച്ച് പ്രവാസികളെ ഫോൺ വഴി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങളിലെ ഒരാൾ പിടിയിലായി. പോലീസ് വേഷം ധരിച്ച് വീഡിയോ കോളിലൂടെ പ്രവാസികളുമായി ബന്ധപ്പെട്ട് ബാങ്കിംഗ് വിവരങ്ങൾ കൈക്കലാക്കി പണം തട്ടുന്ന ഏഷ്യക്കാരനാണ് അറസ്റ്റിലായത്.

ഇയാളുടെ സംസാരത്തിലെ അറബി ഭാഷയിലെ വികലതയിൽ സംശയം തോന്നിയ ഒരു പ്രവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾ പിടിയിലായത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്


ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ധാരണകളെ മുതലെടുത്താണ് തട്ടിപ്പുകാർ പ്രവർത്തിക്കുന്നത്.

മന്ത്രാലയം നൽകിയ പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നു:

വീഡിയോ കോൾ: ആഭ്യന്തര മന്ത്രാലയം വീഡിയോ കോൾ വഴി ആരുമായും ആശയവിനിമയം നടത്തുന്നില്ല.

വിവരങ്ങൾ ആവശ്യപ്പെടില്ല: ഏതെങ്കിലും പൗരനിൽ നിന്നോ താമസക്കാരനിൽ നിന്നോ ബാങ്കിംഗ് അല്ലെങ്കിൽ വ്യക്തിഗത വിവരങ്ങൾ മന്ത്രാലയം ആവശ്യപ്പെടുന്നില്ല.

ഒടിപി കോഡുകൾ: ഫോൺ വഴിയോ ടെക്സ്റ്റ് സന്ദേശം വഴിയോ ഔദ്യോഗിക സ്ഥാപനങ്ങൾ ഒരിക്കലും വ്യക്തികളിൽ നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങളോ, ഒടിപി കോഡുകളോ ആവശ്യപ്പെടുന്നില്ല.

തട്ടിപ്പുകൾ വർദ്ധിക്കുന്നു: സുരക്ഷാ ഉദ്യോഗസ്ഥരായും ടെലികമ്യൂണിക്കേഷൻ ഉദ്യോഗസ്ഥരായും ആൾമാറാട്ടം നടത്തി വീഡിയോ കോളുകൾ വഴിയും സന്ദേശങ്ങൾ വഴിയും തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് നിരവധി പരാതികളാണ് മന്ത്രാലയത്തിന് ലഭിക്കുന്നത്. പ്രമുഖ വാണിജ്യ സ്ഥാപനങ്ങളുടെ പേരിൽ വ്യാജ ഓഫറുകൾ നൽകിയുള്ള തട്ടിപ്പുകളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

സിവിൽ ഐഡി നമ്പറുകൾ, ബാങ്ക് നൽകുന്ന ഒടിപി കോഡുകൾ, മറ്റ് ബാങ്കിംഗ്/വ്യക്തിഗത വിവരങ്ങൾ എന്നിവ അനൗദ്യോഗിക സ്ഥാപനങ്ങളുമായി പങ്കിടുന്നത് സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരം വ്യാജ കോളുകളോ സന്ദേശങ്ങളോ ലഭിച്ചാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

അൽപം ആശ്വാസമുണ്ട്, ചൂടിത്തിരി കുറയും; കുവൈത്തിലെ കാലാവസ്ഥ മാറ്റം ഇങ്ങനെ

കുവൈത്ത് സിറ്റി: കടുത്ത വേനലിന് ശമനമായി കുവൈത്ത് മിതമായ കാലാവസ്ഥയിലേക്ക്. വരും ദിവസങ്ങളിൽ രാജ്യത്ത് ചൂട് കുറയുമെന്നും സുഖകരമായ അന്തരീക്ഷം അനുഭവപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളിൽ പകൽ ചൂടും രാത്രി തണുപ്പും കലർന്ന മിതമായ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക.

പ്രതീക്ഷിക്കുന്ന താപനില

വെള്ളിയാഴ്ച (സെപ്റ്റംബർ 26): ഉയർന്ന താപനില 39°C മുതൽ 41°C വരെയായിരിക്കും. രാത്രിയിലെ കുറഞ്ഞ താപനില 21°C മുതൽ 23°C വരെ എത്താൻ സാധ്യതയുണ്ട്. ശനിയാഴ്ച (സെപ്റ്റംബർ 27) പകൽ താപനില 38°C മുതൽ 40°C വരെ പ്രതീക്ഷിക്കുന്നു. കുറഞ്ഞ താപനില 22°C മുതൽ 24°C വരെയായിരിക്കും.

വെള്ളിയാഴ്ച പകൽ സമയത്ത് മണിക്കൂറിൽ 8 മുതൽ 32 കിലോമീറ്റർ വരെ വേഗതയിൽ തെക്കുകിഴക്കൻ കാറ്റ് വീശാൻ സാധ്യതയുണ്ട്. കടലിൽ നേരിയതോ മിതമായതോ ആയ തിരമാലകൾ ഉണ്ടാകാം. രാത്രിയിൽ നേരിയ വേഗതയിലുള്ള കാറ്റായിരിക്കും ഉണ്ടാകുക.

ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദം കുറയുന്നതും അറേബ്യൻ ഉപദ്വീപിലെ ഉയർന്ന മർദ്ദം ശക്തിപ്പെടുന്നതുമാണ് കാലാവസ്ഥാ മാറ്റത്തിന് കാരണമാകുന്നതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടെ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് കടുത്ത ചൂടിൽ നിന്ന് ആശ്വാസമാകും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

Comments (0)

Leave a Reply

Your email address will not be published. Required fields are marked *