കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിർമ്മാണത്തിലിരിക്കുന്ന പുതിയ T2 പ്രൊജക്റ്റിലെ കെട്ടിടത്തിൽ തിങ്കളാഴ്ച പുലർച്ചെ തീപിടിത്തം ഉണ്ടായതായി കുവൈറ്റ് ഏവിയേഷൻ അതോറിറ്റി ട്വീറ്റ് ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം ആറ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്. കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ വിമാന ഗതാഗതം സാധാരണ നിലയിലാണെന്നും പുതിയ ടി2 പദ്ധതിയിലെ പരിമിതമായ തീപിടിത്തം ബാധിച്ചിട്ടില്ലെന്നും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ (ജിഎസിഎ) ട്വിറ്ററിൽ കുറിച്ചു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് എക്സ്പാൻഷൻ പുതിയ ടെർമിനൽ 2 (T2) പദ്ധതിയിൽ 3 ഘട്ടങ്ങളുണ്ട് – ആദ്യ ഘട്ടത്തിൽ പുതിയ പാസഞ്ചർ കെട്ടിടം, സെൻട്രൽ പവർ ബിൽഡിംഗ്, വാട്ടർ ടാങ്ക് കെട്ടിടം, സുരക്ഷാ കെട്ടിടം, ഇൻഫ്രാസ്ട്രക്ചർ ടണൽ, ഇലക്ട്രിക്കൽ സബ്സ്റ്റേഷനുകൾ എന്നിവ ഉൾപ്പെടുന്നു. രണ്ടാം ഘട്ടത്തിൽ സർവീസ് കെട്ടിടങ്ങൾ, പുതിയ ടെർമിനൽ കെട്ടിടത്തിലേക്കും കാർ പാർക്കിലേക്കും പോകുന്ന റോഡുകൾ എന്നിവയും, മൂന്നാം ഘട്ടത്തിൽ എയർക്രാഫ്റ്റ് ഹാംഗറുകൾ, റൺവേകൾ, സർവീസ് കെട്ടിടങ്ങൾ എന്നിവ ഉൾപ്പെടുന്നു. 2021 സെപ്റ്റംബറിൽ കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയം മൂന്ന് ഘട്ടങ്ങളിൽ ആദ്യഘട്ടത്തിലെ നിർമ്മാണം പാതി കടന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. ജിസിസി രാജ്യങ്ങളിൽ 4.36 ബില്യൺ ഡോളർ ചെലവ് കണക്കാക്കി നിർമാണം പുരോഗമിക്കുന്ന അഞ്ച് വലിയ വിമാനത്താവളങ്ങളിൽ ടെർമിനൽ 2 (T2) പദ്ധതി ഒന്നാം സ്ഥാനത്താണ്. പദ്ധതി പൂർത്തിയാകുന്നതോടെ, കുവൈറ്റികൾക്ക് 15,000 തൊഴിലവസരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb