കുവൈത്ത് സിറ്റി : കുവൈത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അത്യാവശ്യമല്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കനത്ത മഴയെ തുടർന്ന് രാജ്യത്തിന്റ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്നലെ രാത്രി മുതൽ തുടങ്ങിയ ശക്തമായ മഴയിലാണ് കുവൈത്തിലെ പ്രധാന റോഡുകളിൽ വെള്ളകെട്ട് രൂപപ്പെട്ടത്. വെള്ളകെട്ടിനെ തുടർന്ന് ജിലീബ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിരവധി വാഹനങ്ങളാണ് വെള്ളത്തിൽ അകപ്പെട്ടത്. അഗ്നി ശമന രക്ഷാ സേനയുടെയും സിവിൽ ഡിഫൻസ് അധികൃതരുടെയും മേൽനോട്ടത്തിൽ വെള്ളക്കെട്ടുകൾ നീക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തി വരുന്നുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻ കരുതൽ നടപടികളുടെ ഭാഗമായി ഗസാലി ടണൽ, ജഹറ ഇൻഡസ്ട്രിയൽ ടണൽ എന്നിവ പൊതു മരാമത്ത് അധികൃതർ താൽക്കാലികമായി അടച്ചു. . ഇന്നലെ രാത്രി മുതൽ ആരംഭിച്ച മഴ ഇന്ന് രാത്രിയോട് കൂടി ക്രമേണെ കുറയുമെന്നാണു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/JVzVPf2Da8i1dwccFIbFA5