കുവൈറ്റിലെ അർദിയയിൽ ഉണ്ടായ കൂട്ട കൊലപാതകത്തിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണസംഘം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുവൈറ്റ് സ്വദേശികളായ അഹമ്മദ് ( 80 ) ഭാര്യ ഖാലിദ ( 50 ) മകൾ അസ്മ ( 18 ) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിലെ പ്രതിയായ ഇന്ത്യക്കാരൻ ഇതേ വീട്ടിലെ ഗാർഹിക തൊഴിലാളിയുടെ ഭർത്താവാണ്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ പ്രതിയെ പോലീസ് പിടികൂടിയിരുന്നു. കേസിനെ സംബന്ധിച്ച് നിർണായകമായ പല വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചതായാണ് റിപ്പോർട്ട്. പ്രതിയുടെ പക്കൽനിന്നും 1,600 ദിനാർ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ വിറ്റതിന്റെ ഇൻവോയ്സുകളും, കൂടാതെ ഇയാളുടെ പക്കൽ നിന്ന് 300 ദിനാറും കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഒരാൾ പ്രതിയുമായി വിസ കച്ചവടം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഇയാളിൽ നിന്ന് 900 ദിനാറും വാങ്ങിയിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നതായും, ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് റിപ്പോർട്ട്. പ്രതി സുലൈബിയയിലെ ഒരു വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. കൊല്ലപ്പെട്ടവരിൽ ഒരാളുടെ സ്പോൺസർഷിപ്പിൽ പ്രതിയുടെ ഭാര്യ ജോലി ചെയ്തുവരികയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സമീപത്തുള്ള വീടുകളിലെയും മറ്റും സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ വേഗത്തിൽ പിടികൂടാൻ സഹായകമായത്. പ്രതി തടവിൽ കഴിയുന്ന ചിത്രങ്ങൾ പല അറബ് മാധ്യമങ്ങളും ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/Cm7zdipTgHL03KbEmwZxTU