കുവൈത്ത് സിറ്റി : ഭൂകമ്പം നാശം വിതച്ച തുർക്കി, സിറിയ എന്നിവിടങ്ങളിലെ ദുരിതബാധിതർക്കായി to help സഹായ ധനം സമാഹരിക്കുന്നതിനായി കുവൈത്ത് ടെലവിഷൻ ആരംഭിച്ച പ്രചാരണ പരിപാടിക്ക് മികച്ച പ്രതികരണം. ആദ്യ രണ്ടു മണിക്കൂറിനകം രണ്ട് മില്യൺ ദിനാറിൽ അധികം തുക ലഭിച്ചതായാണ് വിവരം. സാമൂഹിക ക്ഷേമകാര്യ, മന്ത്രാലയം ആക്ടിംഗ് അണ്ടർസെക്രട്ടറി അബ്ദുൽ അസീസ് സാരിയാണ് ഇക്കാര്യം അറിയിച്ചത്. ഏകദേശം 12,000-ലധികം ആളുകൾ സഹായം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, നിരവധി സ്ഥാപനങ്ങളും സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ഉപഭോക്തൃ സഹകരണ സംഘങ്ങളുടെ സകാത്ത് വിഹിതത്തിൽ നിന്ന് പരമാവധി 50% തുക ഭൂകമ്പ ദുരിത ബാധിതരെ സഹായിക്കുന്നതിനു വകയിരുത്തുവാൻ സാമൂഹിക കാര്യ മന്ത്രി മായ് അൽ-ബാഗ്ലി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്നാണ് ‘ഞങ്ങൾ നിങ്ങൾകരികെ’ എന്ന പ്രചാരണ പരിപാടി തുടങ്ങിയത്. സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവര മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1