കുവൈറ്റ് സിറ്റി: കുവൈത്ത് വിസ ആപ്പ് പരീക്ഷണ അടിസ്ഥാനത്തിൽ പുറത്തിറക്കി. വിസ ഇലക്ട്രോണിക് ആപ്ലിക്കേഷന്‍ സംവിധാനം വരുന്നതോടെ രാജ്യത്തെ തൊഴില്‍ വിപണി കൂടുതല്‍ സുതാര്യമാകും. കുവൈത്തിലേക്ക് പുതുതായി വരുന്ന പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പായി എൻട്രി വിസയുടെ സാധുത ഉറപ്പ് വരുത്താൻ ആപ്പിലൂടെ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്‍റെ നേതൃത്വത്തിലുള്ള ഡെമോഗ്രാഫിക്സ് ആൻഡ് ലേബർ മാർക്കറ്റ് ഡെവലപ്മെൻറ് സമിതിയാണ് ആപ്പ് പുറത്തിറക്കുന്നത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്. കുവൈത്ത് വിസ ആപ്പ് ഔദ്യോഗികമായി പുറത്തിറക്കുന്നതിനു മുന്നോടിയായി വിദേശകാര്യ മന്ത്രാലയം, വിവിധ എയർലൈനുകൾ, വിദേശത്തുള്ള കുവൈത്ത് എംബസികൾ എന്നിവരുമായി പ്രവർത്തനവും ഏകോപനവും നടത്തി വരികയാണെന്ന് മന്ത്രാലയം അറിയിച്ചു. ഒദ്യോഗികമായി ആപ്പ് ലോഞ്ച് ചെയ്തുകഴിഞ്ഞാൽ വിസ ആപ്പ് വഴി മാത്രമേ സന്ദർശകരെ കുവൈറ്റിലേക്ക് കടക്കാൻ അനുവദിക്കൂ. ഇലക്ട്രോണിക് ഡിജിറ്റല്‍ സംവിധാനം വരുന്നതോടെ വ്യാജ വിസകള്‍ ഇല്ലാതാക്കുവാനും ക്രിമിനൽ രേഖകളോ പകർച്ചവ്യാധികളോ ഉള്ളവരുടെ പ്രവേശനം തടയുവാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവാസി തൊഴിലാളിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾ ഉൾപ്പെടുന്ന സ്മാർട്ട് എംപ്ലോയീസ് ഐഡിയും പദ്ധതിയുടെ ഭാഗമായി അഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1