വിമാനയാത്രയ്ക്കിടെ രക്തം ഛർദ്ദിച്ച് വയോധികൻ മരിച്ചു. ഇൻഡിഗോ എയർലൈൻസിന്റെ മുംബൈ-റാഞ്ചി വിമാനത്തിലാണ് സംഭവം. യാത്രക്കാരന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വിമാനം നാഗ്പൂരിൽ അടിയന്തരമായി ഇറക്കി. എന്നാൽ ആശുപത്രിയിലെത്തിക്കുന്നതിനിടെ 62 കാരൻ മരിക്കുകയായിരുന്നു.രാത്രി എട്ട് മണിയോടെയാണ് സംഭവം. മുംബൈയിൽ നിന്ന് റാഞ്ചിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരനായ ദേവാനന്ദ് തിവാരി രക്തം ഛർദ്ദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വിമാനത്തിൽ വച്ച് വലിയ അളവിൽ രക്തം ഛർദിച്ച ഇയാളെ നാഗ്പൂരിലെ കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. യാത്രക്കാരന് ക്ഷയരോഗവും വിട്ടുമാറാത്ത വൃക്കരോഗവും ഉണ്ടായിരുന്നതായി ആശുപത്രി പത്രക്കുറിപ്പിൽ അറിയിച്ചു. മൃതദേഹം തുടർ നടപടികൾക്കായി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആവശ്യമായ മെഡിക്കൽ നടപടിക്രമങ്ങൾക്കും ക്ലിയറൻസിനും ശേഷം ഇൻഡിഗോ വിമാനം നാഗ്പൂരിൽ നിന്ന് റാഞ്ചിയിലേക്കുള്ള യാത്ര പുനരാരംഭിച്ചു. രണ്ട് ആഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് നാഗ്പൂർ വിമാനത്താവളത്തിൽ ഇത്തരത്തിലുള്ള സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞയാഴ്ച ഇന്റിഗോ എയർലൈൻസിൽ പൈലറ്റായിരുന്ന 40 വയസുകാരൻ വിമാനത്താവളത്തിലെ സെക്യൂരിറ്റി ഹോൾഡ് ഏരിയയിൽ വെച്ച് മരണപ്പെട്ടിരുന്നു. നാഗ്പൂരിൽ നിന്ന് പൂനെയിലേക്കുള്ള വിമാനം പറത്തുന്നതിനായി കാത്തിരുന്നതിനിടെയായിരുന്നു സംഭവം. ഗുരുതരാവസ്ഥയിലായ പൈലറ്റിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6