വീട്ടുജോലിക്കായി യുഎഇയിലെത്തിയ യുവതിയെ കാണാതായി. അന്വേഷിച്ച് ഭര്‍ത്താവ് നാട്ടില്‍നിന്ന് അജ്മാനിലെത്തി. നാലുമാസം മുന്‍പാണ് ഏജന്‍സി മുഖേന വീട്ടുജോലിക്കായി പത്തനംതിട്ട സ്വദേശിയായ ഉണ്ണിയുടെ ഭാര്യ യുഎഇയില്‍ എത്തിയത്. കഴിഞ്ഞ രണ്ടുമാസമായി ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ല. അജ്മാന്‍, ഷാര്‍ജ പോലീസില്‍ പരാതി കൊടുക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ഭര്‍ത്താവ്. 22 ദിവസം മുന്‍പാണ് ഉണ്ണി ഭാര്യയെ അന്വേഷിച്ച് അജ്മാനില്‍ എത്തിയത്. ഇവരെ കൊണ്ടുവന്ന റിക്രൂട്ട്മെന്റ് ഏജന്‍സി പ്രവര്‍ത്തിച്ചിരുന്ന അജ്മാനിലെ ഓഫീസ് ഇപ്പോള്‍ അടച്ചനിലയിലാണ്.
വീട്ടിലെ ബുദ്ധിമുട്ടും സാമ്പത്തിക ബാധ്യതയും മൂലമാണ് ഉണ്ണിയുടെ ഭാര്യ ജോലിക്കുകയറിയത്. പിന്നീട് അവര്‍ അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ഉണ്ണിയുടെ ഭാര്യയ്ക്ക് ജോലി നഷ്ടപ്പെട്ടു. മാത്രമല്ല അജ്മാനിലെ ഏജന്‍സിയില്‍നിന്ന് ഭാര്യയ്ക്ക് വേദനിപ്പിക്കുന്ന അനുഭവങ്ങളാണുണ്ടായതെന്നും ഉണ്ണി പറഞ്ഞു. നാലുമാസത്തിനിടയില്‍ 30,000 രൂപമാത്രമാണ് വീട്ടിലേക്കയച്ചത്. തിരിച്ച് നാട്ടിലേക്കയക്കണമെങ്കില്‍ ഏജന്‍സിയ്ക്ക് ഒന്നര ലക്ഷം രൂപ കൊടുക്കണമെന്ന് ഏജന്‍സി ഓഫീസില്‍ പ്രവര്‍ത്തിച്ച തമിഴ്‌നാട്ടുകാരിയായ സ്ത്രീ ആവശ്യപ്പെട്ടതായും ഉണ്ണിയെ ഭാര്യ അറിയിച്ചിരുന്നു. രണ്ടുമാസം മുന്‍പ് അവസാനമായി വീഡിയോ കോള്‍ ചെയ്യുകയും സന്ദേശമയക്കുകയും ചെയ്തു. പിന്നീട് ഭാര്യയെക്കുറിച്ച് യാതൊരു വിവരവിമില്ല. ഭാര്യക്ക് മൂക്കില്‍നിന്നും രക്തമൊഴുകുന്ന അസുഖമുണ്ട്. ഇപ്പോള്‍ മരുന്നും മുടങ്ങിയ അവസ്ഥയിലാണ്. ഏത് സമയവും അബോധാവസ്ഥയിലാവുകയും ചെയ്യുമെന്നും ഉണ്ണി പറഞ്ഞു. സന്ദര്‍ശക വിസയിലെത്തിയ ഉണ്ണിയെ അജ്മാനില്‍ റൂം ശരിയാക്കി തരാമെന്ന് പറഞ്ഞ് അപരിചിതനായ മലയാളി 500 ദിര്‍ഹം വാങ്ങി കടന്നുകളയുകയും ചെയ്തു. കേരളത്തില്‍ നോര്‍ക്കയിലും പരാതി നല്‍കിയെങ്കിലും അധികൃതരുടെ മറുപടി തൃപ്തികരമായിരുന്നില്ലെന്ന് ഉണ്ണി പറഞ്ഞു. ഭാര്യയെ യു.എ.ഇ. യില്‍നിന്ന് കാണാനില്ലെന്ന് ബോധിപ്പിച്ചുകൊണ്ട് പത്തനംതിട്ട സ്വദേശി ഉണ്ണിയുടെ പരാതി ഒക്ടോബര്‍ 10- ന് ലഭിച്ചിട്ടുണ്ടെന്ന് നോര്‍ക്ക – റൂട്ട്സ് സി.ഇ.ഒ. കെ. ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. പരാതി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലേക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണ നടപടികള്‍ പുരോഗമിക്കുന്നുണ്ട്. കോണ്‍സുലേറ്റ് ഉചിതമായ അന്വേഷണം നടത്തി വിവരം നല്‍കുന്നത് കാത്തിരിക്കുകയാണെന്നും നോര്‍ക്ക സി.ഇ.ഒ. വ്യക്തമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr