ചൈനയിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് പടരുന്നു എന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ ഫേസ്‌ബുക്ക് പോസ്റ്റുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആശങ്ക വേണ്ടതില്ല, എന്നാൽ ഗർഭിണികൾ, പ്രായമുള്ളവർ, ഗുരുതര രോഗമുള്ളവർ എന്നിവർ മാസ്ക് ധരിക്കുന്നത് അഭികാമ്യമാണെന്ന് പോസ്റ്റിൽ പറയുന്നു. ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (HMPV), കോവിഡ് 19 ന്റെ ചില വകഭേദങ്ങൾ, ഇൻഫ്ലുവൻസ എ വൈറസ്ബാധകൾ എന്നീ വൈറസ് ബാധകളാണ് പടരുന്നതായി റിപ്പോർട്ട് ചെയ്യുന്നതെന്നും എന്നാൽ ഇവയിൽ ഒന്നിലും മഹാമാരിയായി മാറത്തക്കവണ്ണം ഉള്ള ജനിതക വ്യതിയാനങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകളില്ലെന്നും മന്ത്രി വ്യക്തമാക്കുന്നു.
മന്ത്രിയുടെ പോസ്റ്റ്
ആഗോളതലത്തിൽ വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും സംബന്ധിച്ച വാർത്തകൾ: സംസ്ഥാനം സസൂക്ഷ്മം സ്ഥിതിഗതികൾ വിലയിരുത്തുന്നു
ആശങ്ക വേണ്ടതില്ല, ഗർഭിണികൾ പ്രായമുള്ളവർ ഗുരുതര രോഗമുള്ളവർ എന്നിവർ മാസ്ക് ധരിക്കുന്നത് അഭികാമ്യം
ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും വലിയ ഔട്ട് ബ്രേക്ക് ഉണ്ട് എന്ന നിലയിൽ വാർത്തകൾ വരുന്ന പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ നാമെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. മഹാമാരിയാകാൻ സാധ്യത കൽപ്പിക്കുന്നതോ മറ്റു പ്രദേശങ്ങളിലേക്ക് വളരെ വേഗത്തിൽ പടർന്നു പിടിക്കുന്നതോ ആയ വൈറസുകളെ ഒന്നും ചൈനയിൽ ഈ അവസരത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളില്ല. എങ്കിലും മലയാളികൾ ലോകത്തിൻറെ എല്ലാ ഭാഗങ്ങളിലുമുണ്ട് എന്നതിനാലും, ചൈനയുൾപ്പെട ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും പ്രവാസികൾ നമ്മുടെ നാട്ടിലേക്ക് എത്തുന്നതിനാലും നാം ജാഗ്രത പുലർത്തണം. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് മൂന്ന് തരത്തിലുള്ള വൈറസുകളാകാം ചൈനയിൽ ഭീതി പടർത്തുന്ന രീതിയിൽ ശ്വാസകോശ അണുബാധകൾ ഉണ്ടെങ്കിൽ അവക്ക് കാരണം. . ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (HMPV), കോവിഡ് 19 ന്റെ ചില വകഭേദങ്ങൾ, ഇൻഫ്ലുവൻസ എ വൈറസ്ബാധകൾ എന്നിവയാണ് അവ. മഹാമാരിയായി മാറത്തക്കവണ്ണം ഉള്ള ജനിതക വ്യതിയാനങ്ങൾ ഇവയിൽ ഒന്നിലും തന്നെ സംഭവിച്ചതായി റിപ്പോർട്ടുകളില്ല. എങ്കിലും നേരത്തെ സൂചിപ്പിച്ചതുപോലെ നാം കരുതിയിരിക്കണം.മേൽപ്പറഞ്ഞ മൂന്നുതരം വൈറസുകളിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് ആണ് താരതമ്യേന നമുക്ക് അപരിചിതമായ വൈറസ്. ഈ വൈറസിനെ കണ്ടെത്തിയത് 2001ൽ മാത്രമാണെങ്കിലും കഴിഞ്ഞ 50 വർഷത്തിൽ കൂടുതലായി കേരളം ഉൾപ്പെടെ ലോകത്തിന്റ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും, പ്രത്യേകിച്ചും കുട്ടികളിൽ ഈ വൈറസ് വ്യാപനം ഉണ്ടായിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്. നമുക്ക് തന്നെ മുൻപ് വന്നുപോയ ജലദോഷപ്പനി ഈ വൈറസ് കാരണമാകാം. അതുകൊണ്ടുതന്നെ HMPV യെ അപകടകാരിയായ ഒരു പുതിയ വൈറസായി കാണാൻ കഴിയില്ല. കേരളത്തിലും കുട്ടികളിൽ ഈ വൈറസ് കൊണ്ടുള്ള അണുബാധകളും ചില അവസരങ്ങളിൽ ന്യൂമോണിയകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നമ്മുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സ്‌റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ് തുടങ്ങിയ സ്ഥാപനങ്ങളിൽ ഈ രോഗം കണ്ടെത്താനുള്ള സംവിധാനങ്ങളും ഉണ്ട്. വൈറസിൽ കാര്യമായ ജനിതക വ്യതിയാനങ്ങൾ സംഭവിച്ചിട്ടില്ല എങ്കിൽ HMPV വളരെയധികം ഭീതി വരുത്തുന്ന ഒരു സാഹചര്യം സൃഷ്ടിക്കാൻ സാധ്യത കുറവാണ്. എങ്കിലും നമ്മുടെ നാട്ടിൽ പ്രത്യേകിച്ച് കുട്ടികളിലും പ്രായമായവരിലും കാണപ്പെടുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കൃത്യമായി നിരീക്ഷിക്കേണ്ടതാണ്. അതാണ് നിലവിൽ നാം ചെയ്യുന്നത്. അതോടൊപ്പം ചൈന ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്ന ആളുകളിലും ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്ന പക്ഷം അവരെയും പ്രത്യേകമായി നിരീക്ഷിക്കുന്നതാണ്. എന്നാൽ പ്രവാസികൾക്ക് പ്രത്യേകമായ നിയന്ത്രണങ്ങൾ ഒന്നും തന്നെ നിലവിൽ ആവശ്യമില്ല.
നേരത്തെ പറഞ്ഞ വൈറസ് വിഭാഗങ്ങളിൽ രണ്ടാമത്തേത് കോവിഡ് 19 ന്റെ പുതിയ ജനിതക വ്യതിയാനങ്ങളാണ്. മറ്റൊരു മഹാമാരിയാകാൻ സാധ്യത കൽപിക്കപ്പെടുന്ന വൈറസുകളിൽ കോവിഡ് 19 ന്റെ പുതിയ ജനിതക വ്യതിയാനങ്ങൾക്ക് ഇപ്പോഴും പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ചൈനയിൽ ചർച്ചചെയ്യപ്പെടുന്ന തരത്തിൽ ന്യൂമോണിയ രോഗം പടരുന്നുണ്ടെങ്കിൽ, അതിന് കാരണങ്ങളിൽ ഒന്ന് കോവിഡിന്റെ പുതിയ ജനിതകവ്യതിയാനങ്ങൾ ആണെങ്കിൽ നാം കരുതിയിരിക്കണം. എങ്കിലും നേരത്തെ തന്നെ കോവിഡ് വന്നിട്ടുള്ള ആളുകൾക്കും കോവിഡ് രോഗത്തിനെതിരെ വാക്സിൻ സ്വീകരിച്ചിട്ടുള്ള ആളുകൾക്കും പുതിയ ജനിതക വ്യതിയാനം അപകടകരമായ രോഗാവസ്ഥ ഉണ്ടാക്കാൻ സാധ്യത കുറവാണ്. പക്ഷെ അണുബാധ പടരുന്ന സാഹചര്യം ഉണ്ടായാൽ പ്രായമുള്ളവരെയും രോഗികളെയും അത് ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ നാം കരുതിയിരിക്കണം. ഇനിയും പൂർണമായി അപ്രത്യക്ഷമായിട്ടില്ലാത്ത കോവിഡ് 19 ജനിതക വ്യതിയാനങ്ങൾ തിരിച്ചുവരുന്ന ഒരു സാഹചര്യം ഉണ്ടായാലും അതിനെ നേരിടാനും സംസ്ഥാനം സുസജ്ജമാണ്. സംസ്ഥാനത്തെവിടെയും കോവിഡ് 19 സമാനമായ ലക്ഷങ്ങൾ ക്ലസ്റ്ററുകളായി രൂപപ്പെടുന്ന സാഹചര്യം നേരിടാൻ നാം തയ്യാറായിരിക്കണം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CyE2zWozOCv4kORqNVFYqJ
