പൊലീസിനെ കണ്ട് എംഡിഎംഎ വിഴുങ്ങിയ മൈക്കാവ് സ്വദേശി ഷാനിദിന്റെ മരണകാരണം ഉയർന്ന തോതിൽ എംഎഡിഎംഎ വയറ്റിലെത്തിയതു മൂലമെന്ന് പ്രാഥമിക നിഗമനം. ഗൾഫിലുണ്ടായിരുന്ന ജോലി അവസാനിപ്പിച്ചു നാട്ടിൽ വന്ന ശേഷം ലഹരി ശൃംഖലയിൽ ഷാനിദ് സജീവമായിരുന്നു എന്നാണു വിവരം. ലഹരിമരുന്ന് വിൽപനയും ഇയാൾ നടത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതേകാലിനാണു പൊലീസ് ഇയാളെ പിടികൂടുന്നത്. ഷാനിദിനെതിരെ 2 ലഹരിമരുന്ന് കേസുകൾ നേരത്തേ റജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. താമരശ്ശേരി, അമ്പായത്തോട് പ്രദേശങ്ങളിൽ ഇയാൾ വ്യാകമായി എംഡിഎംഎ വിൽക്കുന്നതായി പ്രദേശവാസികളും പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച പൊലീസ് പട്രോളിങ്ങിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഷാനിദിനെ പിടികൂടുന്നത്. പൊലീസ് വാഹനം കണ്ടയുടൻ ഷാനിദ് കൈയിലുണ്ടായിരുന്ന പൊതികൾ വിഴുങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെന്നാണു ഉദ്യോഗസ്ഥർ പറയുന്നത്. ഇതുകണ്ട പൊലീസ് പിന്നാലെ ഓടി ഷാനിദിനെ പിടികൂടി. പൊലീസ് പിടികൂടിയപ്പോൾത്തന്നെ വിഴുങ്ങിയ പൊതികളിൽ എംഡിഎംഎ ആണെന്ന് ഷാനിദ് പറഞ്ഞു.താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് എൻഡോസ്കോപ്പിക്ക് വിധേയമാക്കുകയും വയറ്റിൽ രണ്ടു പൊതികളിലായി ക്രിസ്റ്റൽ രൂപത്തിലുള്ള വസ്തു ഉണ്ടെന്നു സ്ഥിരീകരിക്കുകയും ചെയ്തു. രണ്ട് കവറുകളിലായാണ് എംഡിഎംഎ തന്റെ കൈകളിലുണ്ടായിരുന്നതെന്നും അതാണ് വിഴുങ്ങിയതെന്നുമാണു ഷാനിദ് പൊലീസിനോട് പറഞ്ഞത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx