നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് പിന്നാലെ പ്രവാസി മലയാളി മരിച്ചു. സൗദി അറേബ്യയിൽ നിന്ന് നാട്ടിലേക്ക് യാത്രയ്ക്കിടെ വിമാനത്തിൽ വെച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ദമാമിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനും മലപ്പുറം വണ്ടൂർ കാപ്പിൽ സ്വദേശിയുമായ ആനപ്പട്ടത്ത് എ.പി. അഷ്റഫ് (58) ആണ് മരിച്ചത്. രോഗബാധിതനായതിനാൽ തുടർ ചികിത്സക്കായി നാട്ടിലേക്ക് വരികയായിരുന്നു അദ്ദേഹം. വിമാനത്തിൽ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം ഗോവയിലെ മോപ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. പൈലറ്റ് മുൻകൂട്ടി വിവരം നൽകിയതനുസരിച്ച് തയ്യാറായിരുന്ന ആരോഗ്യപ്രവർത്തകർ ആംബുലൻസിൽ ഉടൻ തന്നെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 35 വർഷത്തിലേറെയായി കിഴക്കൻ പ്രവിശ്യയിലെ അൽഹസയിൽ പ്രവാസിയായിരുന്നു അഷ്റഫ്. സനായ്യയിൽ അലുമിനിയം വർക്ക്‌ഷോപ്പ് നടത്തുകയായിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന മകളുടെ ഭർത്താവ് ഫസൽ ആശുപത്രിയിലുണ്ട്. പരേതനായ മുഹമ്മദ് കുട്ടി, ഖദീജ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: റഫീഖ, മക്കൾ: ഹസ്‌ല, ഹസ്ന, ജുനൈദ്. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് കാപ്പിൽ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx