ജീവിതച്ചെലവ് കുറഞ്ഞ ജി.സി.സി രാജ്യങ്ങളിൽ കുവൈത്ത് മുൻനിരയിൽ
ജീവിതച്ചെലവ് കുറഞ്ഞ ജി.സി.സിരാജ്യങ്ങളിൽ കുവൈത്ത് മുൻനിരയിൽ. ജീവിതച്ചെലവ് സൂചകങ്ങൾ പരിശോധിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രൗഡ് സോഴ്സ്ഡ് ഡേറ്റാബേസുകളിൽ ഒന്നായ നംബിയോയുടെ 2025ലെ പുതിയ റിപ്പോർട്ടിലാണ് കുവൈത്തിന്റെ ‘ആശ്വാസനില’.
പട്ടികയിൽ ജി.സി.സി രാജ്യങ്ങളിൽ ഒമാൻ ആണ് ജീവിതച്ചെലവ് കുറഞ്ഞ രാജ്യം. ഒമാന്റെ സൂചിക 39.3 ആണ്. കുവൈത്ത് (40.4), സൗദി അറേബ്യ (41.5) എന്നിങ്ങനെയാണ് രണ്ടും മൂന്നും സ്ഥാനത്ത് ജി.സി.സി രാജ്യങ്ങൾ. ഭവന വില, ഭക്ഷണച്ചെലവ്, ഗതാഗതം, അടിസ്ഥാന സേവനങ്ങൾ തുടങ്ങിയ പ്രധാന ഘടകങ്ങൾ വരുമാന നിലവാരവുമായും ഉപഭോക്തൃ ചെലവ് ശീലങ്ങളുമായും താരതമ്യം ചെയ്താണ് റിപ്പോർട്ട് തയാറാക്കുന്നത്. ആഗോള നഗരങ്ങളിലും രാജ്യങ്ങളിലും താമസയോഗ്യത വിലയിരുത്തുന്നതിന് പ്രവാസികൾ, നിക്ഷേപകർ, വിശകലന വിദഗ്ധർ എന്നിവർ ഈ സൂചിക വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്.
വിദേശ നിക്ഷേപം ആകർഷിക്കൽ, സാമ്പത്തിക അവസരങ്ങൾ വികസിപ്പിക്കൽ എന്നിവക്ക് റാങ്കിങ് അനുകൂലഘടകമാകും. ആധുനിക അടിസ്ഥാന സൗകര്യങ്ങളും താരതമ്യേന കുറഞ്ഞ പ്രവർത്തന ചെലവുകളും ഉള്ളതിനാൽ ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ ബിസിനസുകൾക്ക് കുവൈത്ത് ആകർഷകമായ ഇടമാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)